മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യ സർക്കാരിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മന്ത്രിസ്ഥാന വിഭജനത്തിലെ ഭിന്നതയെ തുടർന്ന് ശിവസേന മന്ത്രി രാജിവച്ചതിന് പിന്നാലെ രാജിഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ജല്‍നയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ഗൊരന്ത്യാലാണ് രാജിഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. മൂന്നുതവണ എംഎല്‍എയായ തനിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് കൈലാഷിന്റെ ആവശ്യം.
‘ഞാനും എന്നെ പിന്തുണക്കുന്നവരും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് രാജിക്കത്ത് സമര്‍പ്പിക്കും. മൂന്നാമത്തെ തവണയാണ് ഞാന്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇതുവരെ എന്നെ മന്ത്രിയാക്കിയില്ല’- കൈലാഷ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 30നാണ് 26 ക്യാബിനറ്റ് മന്ത്രിമാരെയും പത്ത് മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയത്. ഇതിന് പിന്നാലെ സഖ്യസര്‍ക്കാരില്‍ കല്ലുകടി രൂപപ്പെട്ടിരുന്നു. തങ്ങളെ വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.
കൂടാതെ വകുപ്പ് വിഭജനത്തില്‍ അതൃപ്തി രേഖപ്പൈടുത്തി ശിവസേനയിലെ ഏക മുസ്ലിം എംഎല്‍എ അബ്ദുള്‍ സത്താര്‍ മന്ത്രിസ്ഥാനം രാജിവച്ചു. കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ സഹമന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അബ്ദുള്‍ സത്താര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് നല്‍കിയത്. ആദ്യ തവണ ജയിച്ച ആദിത്യ താക്കറെയ്ക്ക് അടക്കം ക്യാബിനറ്റ് റാങ്ക് നല്‍കിയപ്പോള്‍, മുതിര്‍ന്ന അംഗമായ സത്താറിന് സഹമന്ത്രിസ്ഥാനമാണ് നല്‍കിയിരുന്നത്.
ഔറംഗബാദിലെ സില്ലോദില്‍ നിന്നുള്ള എംഎല്‍എയായ അബ്ദുള്‍ സത്താര്‍ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് അയച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അബ്ദുള്‍ സത്താറിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതായാണ് സൂചന. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അബ്ദുള്‍ സത്താറെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post