ബംഗലൂരു: മൂന്ന് പേര്‍ ചേര്‍ന്ന് ഒരുവര്‍ഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കാസര്‍ഗോഡുകാരിയായ 18 കാരിയാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്. പ്രതികളിൽ രണ്ടുപേര്‍ ബംഗലൂരു സ്വദേശികളാണെന്നും, ഒരാള്‍ മലയാളിയാണെന്നും പരാതിയില്‍ യുവതി പരാതിയിൽ പറയുന്നു.
ഉഡുപ്പി-ചിക്കമംഗലൂരു എംപി ശോഭ കരന്തലജെയ്ക്ക് ഒപ്പമാണ് പെണ്‍കുട്ടി യെദ്യൂരപ്പയെ കാണാനെത്തിയത്. മൂന്നുയുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ബലാല്‍സംഗം ചെയ്യുകയും ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി ശോഭ കരന്തലജെ വ്യക്തമാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുകയാണെന്നും പരാതിയില്‍ യുവതി പറയുന്നു.
ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് ഒരു സഹോദരനും ഒരു സഹോദരിയുമാണുള്ളത്. കുടുംബം മുഴുവന്‍ ഇസ്ലാമിലേക്ക് മതംമാറിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നതെന്നും ശോഭ കരന്തലജെ പറഞ്ഞു. ബംഗലൂരു, മംഗലൂരു തുടങ്ങിയ ഇടങ്ങളില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബലാല്‍സംഗത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം നിരവധി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള കെണിയില്‍പ്പെട്ട പെണ്‍കുട്ടികളിലൊരാളാണ് ഈ യുവതിയെന്നും ശോഭ കരന്തലജെ പറഞ്ഞു.
പരാതി കേട്ട മുഖ്യമന്ത്രി ബംഗലൂരു പൊലീസ് കമ്മീഷണര്‍ ബാസ്‌കര്‍ റാവുവിനെ കാണാനും കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു. കേസ് അന്വേഷിക്കാന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീലിനെ നിയോഗിച്ചതായി കമ്മീഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു.
കേസില്‍ ഉള്‍പ്പെട്ട മലയാളി യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് കണ്ണൂര്‍ റേഞ്ച് ഐജിയെ വിളിച്ച് സോഭ കരന്തലജെ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ് ) ഇഷ പന്ത് അറിയിച്ചു.
Discussion about this post