അടുത്ത മാസം മുതല്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ വാങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യയിലെ സംസ്‌കരണ ഫാക്ടറികളോടും കച്ചവടക്കാരോടും സര്‍ക്കാര്‍ അനൌദ്യോഗികമായി ആവശ്യപ്പെട്ടു എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് വ്യവസായമന്ത്രാലയ വൃത്തങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്. കാശ്മീര്‍ വിഷയത്തിലും പൗരത്വ നിയമ ഭേദഗതിയിലും ഉള്‍പ്പെടെ ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടല്‍ നടത്തിയ മലേഷ്യന്‍ ഗവണ്മെന്റിന്റെ അഹന്തയ്‌ക്കെതിരെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നറിയുന്നു.
ഇന്ത്യയിലേക്ക് പാമോയില്‍ ഇറക്കുമതിചെയ്യുന്ന വന്‍കിട കമ്പനികളുടെ ഒരു യോഗത്തില്‍ ഇന്ത്യയുടെ നിലപാട് കമ്പനികളെ അറിയിച്ചെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രതാല്‍പ്പര്യങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായി കച്ചവടം വേണ്ടെന്ന് തീരുമാനിയ്ക്കുന്നത് തന്നെയാണ് നല്ലതെന്നും പാമോയില്‍ സംസ്‌കരണഇറക്കുമതി രംഗത്തെ പ്രമുഖവ്യവസായികള്‍ പറഞ്ഞു.
ലോകത്ത് പാമോയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യ വാങ്ങാതായാല്‍ പാമോയില്‍ വില കുത്തനെ ഇടിയാന്‍ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മലേഷ്യന്‍ പാമോയില്‍ വ്യവസായം ഇന്ത്യയെ വളരെയേറെ ആശ്രയിയ്ക്കുന്നുണ്ട്.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഇന്ത്യയ്‌ക്കെതിരേയും കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെതിരേയും ഈയിടെ സ്വരമുയര്‍ത്തിയിരുന്നു. ഇന്ത്യ കാശ്മീരിനെ ആക്രമിച്ചു കീഴടക്കി വച്ചിരിയ്ക്കുകയാണെന്നാണ് മഹാതിര്‍ പറഞ്ഞത്..പാകിസ്ഥാന്റെ ശ്രമഫലമായി മുസ്ലിം രാജ്യങ്ങളുടെ സമ്മേളനം കാശ്മീര്‍ വിഷയത്തില്‍ വിളിച്ചുകൂട്ടാനും മലേഷ്യ ശ്രമിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മാര്‍ച്ച് മാസം മുതല്‍ മലേഷ്യയില്‍ നിന്ന് മാറി ഇന്തോനേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ വ്യവസായഇറക്കുമതി മേഖലയിലെ പ്രമുഖര്‍ പറഞ്ഞു. മലേഷ്യ കഴിഞ്ഞാല്‍ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മലേഷ്യയുടെ മൊത്തം കയറ്റുമതിയുടെ 4.5 ശതമാനവും പാമോയിലാണ്. ഇന്ത്യ വാങ്ങാതായാന്‍ മലേഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും ഉണ്ടാവുക. മലേഷ്യന്‍ പാമോയിലിന്റെ വില കുത്തനെ ഇടിയുകയും ചെയ്യും.









Discussion about this post