ന്യൂഡൽഹി : ബീഹാറിൽ എൻഡിഎ നേടിയ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ചരിത്ര വിജയത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിനെയും എൻഡിഎ സഖ്യകക്ഷികളായ ചിരാഗ് പാസ്വാൻ, ഉപേന്ദ്ര കുശ്വാഹ, ജിതൻ റാം മാഞ്ചി എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. “ഛത്തി മയ്യാ കീ ജയ്” എന്ന മുദ്രാവാക്യത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് നേതാക്കളും പാർട്ടി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.
2010 ന് ശേഷമുള്ള ഏറ്റവും വലിയ ജനവിധിയാണ് ബീഹാർ എൻഡിഎയ്ക്ക് നൽകിയതെന്ന് മോദി പറഞ്ഞു. “എൻഡിഎയിലെ എല്ലാ പാർട്ടികളുടെയും പേരിൽ ബീഹാറിലെ മഹത്തായ ജനങ്ങൾക്ക് ഞാൻ വളരെ താഴ്മയോടെ നന്ദി പറയുന്നു. ബീഹാറിലെ കർപൂരി താക്കൂർ ജിയുടെ ഗ്രാമത്തിൽ നിന്നാണ് ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇന്നത്തെ വിജയം ബീഹാറിന്റെ വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ ദൃഢനിശ്ചയം ചെയ്യുന്നു. ബീഹാറിലെ ചില പാർട്ടികൾ പ്രീണന ഫോർമുല സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്നത്തെ വിജയം ഒരു പുതിയ പോസിറ്റീവ് ഫോർമുല നമുക്ക് നൽകി. ഇത് സ്ത്രീകളുടെയും യുവാക്കളുടെയും വിജയമാണ്. ആർജെഡി എന്ന തട്ടിക്കൊണ്ടുപോകൽ സർക്കാർ തകർന്നടിഞ്ഞ കാഴ്ചയാണ് ഇന്ന് കണ്ടത്. തട്ടിക്കൊണ്ടു പോകലുകൾ അല്ല സംരംഭങ്ങളും വികസനങ്ങളും ആണ് ഞങ്ങൾക്ക് വേണ്ടത് എന്നാണ് ബീഹാർ ജനത വിധിയെഴുതിയത്. കോൺഗ്രസിനും ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല,”
“ഇന്ന് ബീഹാറിലെ യുവാക്കളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. മുഴുവൻ എൻഡിഎ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. നിതീഷ് ജി ഒരുപാട് കാര്യങ്ങൾ ബീഹാറിനായി ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമ്മുടെ മാഞ്ചി ജി, കുശ്‌വാഹ ജി, ചിരാഗ് ജി എന്നിവരെല്ലാം തന്നെ മികച്ച നേതൃത്വം പ്രകടിപ്പിച്ചു. എൻഡിഎ പ്രവർത്തകരും ബൂത്ത് തലത്തിൽ അവരുടെ ഏകോപനത്തിലൂടെ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ചു. മുമ്പ്, ബീഹാറിൽ റീപോളിംഗ് നടത്താത്ത ഒരു തിരഞ്ഞെടുപ്പും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്, 2005 ന് മുമ്പ് നൂറുകണക്കിന് സ്ഥലങ്ങളിൽ റീപോളിംഗ് നടത്തിയിരുന്നു. 1995 ൽ 1,500 ലധികം ബൂത്തുകളിൽ റീപോളിംഗ് നടത്തി. 2000 ലെ തിരഞ്ഞെടുപ്പിൽ, ഏകദേശം 1,500 സ്ഥലങ്ങളിൽ റീപോളിംഗ് നടത്തേണ്ടിവന്നു. എന്നാൽ കാട്ടുരാജ് അവസാനിച്ചതോടെ സ്ഥിതി മാറി. ഇത്തവണ, രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പുകളിൽ എവിടെയും റീപോളിംഗ് ആവശ്യമില്ലായിരുന്നു. ഇത്തവണ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അതിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും, എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും, നമ്മുടെ സുരക്ഷാ സേനയെയും, ബീഹാറിലെ വോട്ടർമാരെയും, ഞാൻ അഭിനന്ദിക്കുന്നു,” എന്നും മോദി വ്യക്തമാക്കി.









Discussion about this post