ബെംഗളൂരു : ‘മരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്മശ്രീ പുരസ്കാര ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ ‘സാലുമരദ’ തിമ്മക്ക അന്തരിച്ചു. ബെംഗളൂരുവിലെ ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 114 വയസ്സുള്ള തിമ്മക്ക കുറച്ചുനാളായി അസുഖബാധിതയായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മരണമടഞ്ഞതായി കുടുംബം അറിയിച്ചു.
ബെംഗളൂരു സൗത്ത് ജില്ലയിലെ ഹുലിക്കലിനും കുടൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിന്റെ പേരിലായിരുന്നു തിമ്മക്കയ്ക്ക് ‘സാലുമരദ’ എന്ന വിശേഷണം ലഭിച്ചിരുന്നത്. ദൈവം തനിക്കൊരു കുഞ്ഞിനെ നൽകാതിരുന്നതിന്റെ വിഷമം തീർക്കാനായിട്ടായിരുന്നു ആദ്യകാലങ്ങളിൽ തിന്മക മരങ്ങൾ നട്ട് അവയെ സ്വന്തം കുഞ്ഞുങ്ങളെ പോലെ പരിപാലിച്ചിരുന്നത്. പിന്നീട് പരിസ്ഥിതിയിലെ വൃക്ഷങ്ങളുടെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കി അവർ ഒരു പൂർണ്ണസമയം വൃക്ഷ പരിപാലകയായി മാറുകയായിരുന്നു.
തിമ്മക്കയുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നിരവധി ബഹുമതികൾ അവരെ തേടിയെത്തി. 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തിമ്മക്കയെ പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ ഹംപി സർവകലാശാലയുടെ നദോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ 12 പ്രധാനപ്പെട്ട പുരസ്കാരങ്ങൾ തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.









Discussion about this post