കൊടുങ്കാറ്റുകളും പ്രളയവും വരള്‍ച്ചകളുമായി കഴിഞ്ഞുപോയ ദശാബ്ദം, കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ കാലഘട്ടമായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം വെളിപ്പെടുത്തി. ആഗോളതാപനത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായുണ്ടായ കാലാവസ്ഥ വ്യതിയാനത്തില്‍1500 പേരോളം കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ മരണത്തിനിരയായിരുന്നു. ഇതില്‍ 380 പേര്‍ ഇടിമിന്നലേറ്റും കൊടുങ്കാറ്റില്‍ പെട്ടുമാണ് മരിച്ചതെങ്കില്‍, 850 പേര്‍ പേമാരിയിലും പ്രളയത്തിലുമകപ്പെട്ടാണ് മരിച്ചത്. വേനല്‍ക്കാലത്തെ കൊടുംചൂടിനെ അതിജീവിക്കാന്‍ സാധിക്കാതെ 350 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
2016 ആയിരുന്നു ദശാബ്ദത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷം. ഉത്തരേന്ത്യന്‍ സമുദ്ര മേഖലയില്‍ കഴിഞ്ഞവര്‍ഷം മാത്രം എട്ടു ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിട്ടുണ്ട്.1976ല്‍, ഒറ്റ വര്‍ഷം തന്നെ രൂപപ്പെട്ടു റെക്കോര്‍ഡ് സൃഷ്ടിച്ച 10 ചുഴലിക്കാറ്റുകള്‍ക്ക് തൊട്ടു താഴെയാണ് ഇത്.
മെട്രോ നഗരമായ ചെന്നൈയില്‍ കഴിഞ്ഞവര്‍ഷം വന്‍ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്തെ നാലു പ്രധാന ജലസംഭരണികളിലും ഒരിറ്റു ജലം അവശേഷിക്കാതെ നഗരത്തിലെ പൈപ്പുകള്‍ പോലും വറ്റിവരണ്ടതിനാല്‍ കഴിഞ്ഞ ജൂണ്‍ 19, അധികൃതര്‍ ‘ഡേ സീറോ’ ആയി പ്രഖ്യാപിച്ചിരുന്നു.
2010-2019 കാലഘട്ടത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലെ ശരാശരി താപനിലയേക്കാള്‍ 0.36 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നിരുന്നു. രാജ്യത്ത് പലയിടങ്ങളിലും വേനല്‍ക്കാലത്ത് താപനില 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ രണ്ടു പ്രളയങ്ങങ്ങളും ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ സംഭവിച്ചിരുന്നു.
ആഗോളതാപനം രാജ്യത്തെ തീവ്രമായി ബാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, വേണ്ട മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ വരും വര്‍ഷങ്ങള്‍ ഇതിലും രൂക്ഷമായിരിക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ തലവന്‍ മൃത്യുഞ്ജയ മോഹ്പത്ര മാധ്യമങ്ങളോട് പറഞ്ഞു. ലഭ്യമായിടത്തോളം കാലത്തില്‍ വച്ച് ഭൂമിയില്‍ ഏറ്റവും താപമേറിയ പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്ര സംഘടനയും വെളിപ്പെടുത്തിയിരുന്നു.
Discussion about this post