തിരുവനന്തപുരം: കണ്ണൂർ പൊലീസ് സൂപ്രണ്ടായി യതീഷ് ചന്ദ്ര ഐ പി എസ് നിയമിതനായി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയ ഇടത് നേതാക്കളെ യതീഷ് ചന്ദ്ര പരസ്യമായി തല്ലുന്ന ദൃശ്യങ്ങൾ മുൻപ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ‘തെരുവുഗുണ്ട‘ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അദ്ദേഹത്തെ വിശേഷിപിച്ചത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ യതീഷ് ചന്ദ്രയെ ‘ഭ്രാന്തൻ നായ‘ എന്നും വിളിച്ചിരുന്നു.
എന്നാൽ ശബരിമല പ്രക്ഷോഭ കാലത്ത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെ നിലപാടെടുത്തതോടെയാണ് യതീഷ് ചന്ദ്ര ഇടത് പക്ഷത്തിന് സ്വീകാര്യനായത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രിക്കും ബിജെപി സംഘത്തിനുമെതിരായ യതീഷ് ചന്ദ്രയുടെ പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ അറസ്റ്റിലായതും ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെ പി ശശികല ടീച്ചർക്കെതിരെ യതീഷ് ചന്ദ്ര ആക്രോശങ്ങളുമായി പാഞ്ഞടുത്തതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Discussion about this post