ഡൽഹി: പതിനെട്ട് ദിവസം നീണ്ടു നിന്ന ഹ്രസ്വകാല അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും ചേർന്നപ്പോൾ ഒരാഴ്ച്യ്ക്കിടെ പരിഗണനയ്ക്കെത്തിയത് ശബരിമലയും നിർഭയയും അടക്കം നിർണ്ണായകമായ കേസുകൾ.
അഭിപ്രായ സ്വാതന്ത്ര്യവും ഇന്റർനെറ്റ് സ്വാതന്ത്ര്യവും മൗലികാവകാശങ്ങളാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, അടിയന്തരമായ ഘട്ടങ്ങളിൽ ഇത്തരം വിഷയങ്ങളിൽ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. നിരോധനം ഏർപ്പെടുത്തുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്നും കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് കോടതി അറിയിച്ചു.
മദ്രസ്സകളിലെ അദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് ഇറ്റപെടാമെന്ന് വ്യക്തമാക്കിയ കോടതി, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുമ്പോൾ ഭൂരിപക്ഷ വിദ്യാഭ്യാസ സ്ഥാനപനമോ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമോ എന്നത് പരിഗണിക്കേണ്ടതില്ലെന്നും പ്രഖ്യാപിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിന്മേൽ നടപടി എടുക്കാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ഒൻപതംഗ ബെഞ്ചും സുപ്രീം കോടതി പ്രഖ്യാപിച്ചു.
അദാനി ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇടപാടുകളുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചു. മുസാഫർപുർ ഷെൽറ്റർ ഹോമിലെ കൊലപാതകങ്ങൾ സംബന്ധിച്ച കേസിൽ തെളിവുകളുടെ അഭാവം സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടു എന്ന് ആരോപിക്കപ്പെട്ടിരുന്ന പെൺകുട്ടികളെ കണ്ടെത്തിയതായും സിബിഐ കോടതിയെ അറിയിച്ചു.
നിർഭയ കേസിലെ പ്രതികളായ വിനയ് ശർമ്മയും മുകേഷും സമർപ്പിച്ച ഹർജികളും കോടതിക്ക് മുന്നിലെത്തി. ഹർജികൾ ജനുവരി 14ന് അഞ്ചംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയുടെ നിയമനം സംബന്ധിച്ച കേസ്, പരിവർത്തിത ക്രൈസ്തവരുടെ സംവരണം സംബന്ധിച്ച കേസ് എന്നിവയും കഴിഞ്ഞയാഴ്ച പരമോന്നത കോടതിയുടെ പരിഗണനയ്ക്കെത്തി.
Discussion about this post