ആസാമിലെ അവസാന ബോഡോ തീവ്രവാദികളും കീഴടങ്ങി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന സംഘടനയിലെ ഭീകരരാണ് മ്യാന്മാറില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത്. ഇന്ത്യ മ്യാന്മാര്‍ അതിര്‍ത്തിയില്‍ ശനിയാഴ്ചയാണ് അവര്‍ കീഴടങ്ങിയത്.
അന്‍പത് തീവ്രവാദികളാണ് ഒരുമിച്ച് അതിര്‍ത്തിയിലെത്തി സുരക്ഷാസൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. വന്‍ ആയുധശേഖരവും അവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഭീകരരുടെ ചെയര്‍മാന്‍ ആയ ബി സൊരൈഗ്വരയുടെ നേതൃത്വത്തിലാണിവര്‍ കീഴടങ്ങിയത്. സൊരൈഗ്വരയേയും കുടുംബത്തേയും മണിപ്പൂരിലൂടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇവരുടെ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം നാഗലാന്‍ഡ് അതിര്‍ത്തിയില്‍ കീഴടങ്ങി.
ഇന്ത്യന്‍, മ്യാന്മാര്‍ സര്‍ക്കാരുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും ഗോത്രവര്‍ഗ്ഗ നേതാവായ ഹഗ്രാമ മഹിലാരിയുടെ ഇടപെടലും മൂലമാണ് ഈ സായുധവിഘടനവാദിസംഘം കീഴടങ്ങിയത്. ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്തി മ്യാന്മാറില്‍ ഒളിച്ചിരിയ്ക്കാനാവില്ലെന്ന അവസ്ഥയും സമാധാനശ്രമങ്ങളും കീഴടങ്ങുന്നവരോട് അനുഭാവപൂര്‍ണ്ണം പെരുമാറാമെന്ന ഉറപ്പുമാണ് ഇത്ര പെട്ടെന്ന് ഈ വിഷയം അവസാനിപ്പിച്ചത്.
Discussion about this post