ആറരക്കോടി രൂപയുടെ കിസാന്‍ കാര്‍ഡ് തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഓഫീസര്‍മാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ ലക്‌നൌവിലുള്ള മൂന്ന് എസ് ബി ഐ ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. കൃത്രിമമായ രേഖകളുടെ സഹായത്താല്‍ വ്യാപകമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി ബാങ്കിലെ പണം തട്ടിപ്പുനടത്തുകയാണ് ഇവര്‍ ചെയ്തത്. കിസാന്‍ ക്രെഡീറ്റ് കാര്‍ഡുകളുടെ പേരില്‍ നൂറുകണക്കിനു കോടി രൂപ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വ്യാജ രേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2014 മുതല്‍ 2017 വരെ ആറരക്കോടി രൂപ മൂല്യമുള്ള 96 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് ഇവര്‍ വ്യാജമായി നല്‍കിയിട്ടുള്ളത്. കമല്‍ കുമാര്‍ ശ്രീവാസ്തവ, അന്‍സുല്‍ മെന്ദിരറ്റ, അവദേശ് ശ്രീവാസ്തവ എന്നീ ബാങ്ക് മാനേജര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞയാഴ്ച 69.46 കോടിയുടെ കിസാര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍ നിന്ന് നേടിയെടുത്ത ഒരു വ്യവസായിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 87 പേരുടെ രേഖകളാണ് ഇയാള്‍ വ്യാജമായി സമര്‍പ്പിച്ചത്. അത് വഴി 86 കിസാന്‍ ക്രെഡീറ്റ് കാര്‍ഡ് അക്കൌണ്ടുകളുണ്ടാക്കുകയും പണം പിന്‍വലിച്ച് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നു. ഇയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി ഇതുവരെ 51 കോടി രൂപ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ന്യായമായ പലിശയില്‍ കാര്‍ഷികാവശ്യത്തിനായി വിളവിറക്കാനും വളം വാങ്ങാനും മറ്റും പണം കടമായി നല്‍കുന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഇതിന്റെ പേരില്‍ തട്ടിപ്പുനടത്തുന്നവരെ സാമ്പത്തിക സുരക്ഷാ ഏജന്‍സികള്‍ വെറുതേ വിടില്ലെന്നും സകല രേഖകളും കണ്ടെത്തി നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.








Discussion about this post