തിരുവനന്തപുരം: ലാന്റ് അസൈന്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് റവന്യൂ വകുപ്പ് അസാധാരണ ഗസ്റ്റ് വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപന പ്രകാരം മലയോര മേഖലയിലെ 2005 ജൂണ്‍ 1 വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കും. നാല് ഏക്കര്‍ വരെ കൈവശാവകാശ ഭൂമിക്ക് പട്ടയം നല്‍കാനും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നണ്ട്.
കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില് നാലേക്കര്‍ വരെ ഉപാധിരഹിത പട്ടയം ലഭിക്കും. ഇതോടെ 1977നു മുമ്പ് കുടിയേറിയ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറും.
1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് 2005 ലും 2009 ലും കൊണ്ടുവന്ന ഭേദഗതികള്‍ ഒഴിവാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ വന്നത്. 2005 ലെ ഭേദഗതിപ്രകാരം ഒരേക്കര്‍ കൈവശാവകാശ ഭൂമിക്ക് മാത്രമാണ് പട്ടയം ലഭിക്കുക. 2009ലെ ഭേദഗതിയോടെ പട്ടയം ലഭിച്ച ഭൂമിയുടെ കൈമാറ്റം 25 വര്‍ഷത്തേക്ക് തടയുന്നു. ഈ രണ്ട് ഭേദഗതികളും പിന്‍വലിച്ച് 2005ന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഖേദകരമെന്ന് ടിഎന്‍ പ്രതാപന് എംഎല്‍എ പറഞ്ഞു. തീരദേശമേഖലയിലുള്ളവരോടും മലയോരവാസികളോടും രണ്ടു നീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. തിരപ്രദേശത്തുള്ളവര്ക്ക് പതിറ്റാണ്ടുകളായി പട്ടയം നല്‍കിയിട്ടില്ല.കയ്യേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടി ശരിയല്ല എന്നും ടി എന്‍ പ്രതാപന് അറിയിച്ചു.ഇതിനെക്കുറിച്ചുള്ള ആശങ്ക പാര്‍ട്ടി നേതൃത്വവുമായി പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post