ഡല്‍ഹി: വടക്ക് കിഴക്കന്‍ മേഖലകളില്‍ സമാധാനത്തിന് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, വര്‍ഷങ്ങളായി തുടരുന്ന അശാന്തമായ കാലത്തിന് വേഷം മേഖലയില്‍ സമാധാന അന്തരീക്ഷത്തിന് വഴിയൊരുക്കി നാഗാ വിമതരും, കേന്ദ്രസര്‍ക്കാരും തമ്മില്‍ സമാധാനകരാര്‍ ഒപ്പ് വച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പ് വച്ചത്. ആറ് പതിറ്റാണ്ടുകളായി തുടരുന്ന നാഗാലാന്റിലെ പ്രക്ഷോഭങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമാണ് ഇതോടെ അറുതി വരിക.
ചരിത്രപരമായ മുഹൂര്‍ത്തമാണ് ഇതെന്ന് ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോദി പറഞ്ഞു. നാഗാ ജനങ്ങളുടെ കഴിവുകള്‍ രാജ്യത്തിന്റെ നേട്ടത്തിന് സഹായകരമാകും, മഹാത്മഗാന്ധി നാഗാ ജനങ്ങളെ സ്‌നേഹിച്ചിരുന്നു. പുതിയ സഹവര്‍ത്തിന്റെയും സഹകരണത്തിന്റെയും കാലമാണ് വരാനിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഓഗസ്റ്റ് മൂന്ന് ഭാരതത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിവെക്കേണ്ടതാണ്. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുയിംഗാലേങ് മുയ്‌വയാണ് എന്‍എസ്സ്‌സിഎന്‍(െഎ എം) ഭാഗത്തു നിന്ന് കരാറില്‍ ഒപ്പു വച്ചത്.
മഹാത്മാഗാന്ധിയോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും നാഗാജനതയ്ക്ക് വലിയ ആദരവാണുള്ളതെന്നും വാജ്‌പേയിയുടെ രാഷ്ട്രതന്ത്രജ്ഞതയെ അഭിനന്ദിക്കുന്നുവെന്നും കരാര്‍ ഒപ്പിട്ട ശേഷം മുയ്‌വ പറഞ്ഞു. ഇരുപക്ഷത്തെയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ മോദിയുടെ നേതൃത്വത്തിന് കഴിയുമെന്നും മോദിയുടെ രാഷ്ട്രതന്ത്രജ്ഞത എന്നും ഞങ്ങള്‍ ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് നാഗാ വിമതരുമായുള്ള സമാധാന കരാറില്‍ ഒപ്പ് വെക്കാനായത്. അതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും, പ്രധാനമന്ത്രിയുടെ ഓഫിസ് മേന്‍നോട്ടം വഹിച്ചുവെന്നും, താന്‍ നേരിട്ട് ഇക്കാര്യങ്ങള്‍ പരിശോധിക്കാറുണ്ടായിരുന്നുവെന്നും മോദി വിശദീകരിച്ചു.
മുന്‍ സര്‍ക്കാരുകളുമായും നാഗാ വിമതര്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു സമാധാന കരാര്‍ രൂപപ്പെടുന്നത്.
നാഗാ വിമതരുമായി കരാര്‍ ഒപ്പിടാനുള്ള കര്‍ട്ടന്‍ റൈസര്‍ മോദി നടത്തിയത് ട്വിറ്റര്‍ വഴി
നാഗാലാന്‍ഡിലെ പ്രക്ഷോഭകാരികളുമായി നിര്‍ണായക കരാര്‍ ഒപ്പിടുന്നതിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ ട്വിറ്റര്‍ വഴിയാണ് പ്രധാനമന്ത്രി നടത്തിയത്. 6.30നു നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്ന് 6.28നാണു പ്രധാനമന്ത്രിയുടെ ഒഫീഷ്യല്‍ ട്വീറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് എത്തിയത്. 6.15നു ലാന്‍ഡ്മാര്‍ക്കാകുന്ന പ്രഖ്യാപനത്തിന് ഇന്നു നമ്മള്‍ സാക്ഷ്യം വഹിക്കും എന്ന ട്വീറ്റും എത്തിയിരുന്നു. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആകാക്ഷയുടെ വേലിയേറ്റമായി. നിമിഷങ്ങള്‍ കൊണ്ടു റിട്വീറ്റുകളും ഫേവറിറ്റുകളും ആയിരം കടന്നു.
ഇതിനിടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാജ്‌നാഥ് സിംഗ് കൂടി എത്തിയത് ആകാംക്ഷ പരത്തി. ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട പ്രഖ്യാപനം തുടങ്ങി നിരവധി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അവസാനം നാഗാ വിമത സമാധാന കരാര്‍ ഒപ്പുവെക്കുകയാണെന്ന് പ്രഖ്യാപനം വരും വരെ സസ്‌പെന്‍സ് നിലനിന്നു.
1947ല്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര്യമായതു മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. അവിഭക്ത അസം ഇന്ത്യയുടെ ഭാഗമല്ലന്നായിരുന്നു നാഗാ വിമതരുടെ വാദം.
ജൂണില്‍ നാഗാ വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി സൈന്യം മ്യാന്‍മാര്‍ സൈന്യവുമായി ചേര്‍ന്ന് നടന്ന നീക്കത്തില്‍ നൂറോളം നാഗാ തീവ്രവാദികളെ വധിച്ചിരുന്നു.
Discussion about this post