ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ ഇനി മുതൽ സംസ്കൃതത്തിലും എഴുതാൻ തീരുമാനിച്ചു. ഉറുദുവിന് പകരമാണ് സൈൻ ബോർഡുകൾ ഇനി സംസ്കൃതത്തിൽ എഴുതുക. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ അതാത് സംസ്ഥാനങ്ങളിലെ രണ്ടാം ഭാഷയിലും റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ സൈൻ ബോർഡിൽ എഴുതണമെന്നാണ് ചട്ടം. ഇതു പ്രകാരമാണ് പുതിയ മാറ്റം.
സംസ്കൃത ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡ് സർക്കാർ 2010ൽ സംസ്കൃതത്തെ രണ്ടാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. നിലവിലെ കേന്ദ്രമന്ത്രിയായ രമേഷ് പൊഖ്രിയാൽ നിഷാങ്കായിരുന്നു അന്ന് സംസ്ഥാന മുഖ്യമന്ത്രി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം സംസ്കൃതത്തിന് രണ്ടാം ഔദ്യോഗിക ഭാഷാ പദവി നൽകിയത്. കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു.
ഈ തീരുമാനം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളായ ഡെറാഡൂൺ, ഹരിദ്വാർ, റൂർക്കീ, ലക്സാർ, റായ്വാല, ദോയ്വാല, ഋഷികേശ് എന്നിവയുടെ പേരുകൾ ഇനി മുതൽ സംസ്കൃതത്തിൽ എഴുതും.
Discussion about this post