തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറുശതമാനം ക്ഷാമബത്തകൂടി അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറപ്പെടുവിച്ചു. വര്‍ധിപ്പിച്ച ഡി.എ ആഗസ്റ്റിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 86 ശതമാനമായി ഉയരും.
2015 ജനുവരി മുതല്‍ പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം 1000 കോടിയുടെ അധികബാധ്യത ഇത് മൂലം സര്‍ക്കാറിനുണ്ടാകും.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം എട്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സംസ്ഥാനത്തെ വരുമാനത്തിന്റെ എന്‍പത് ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തിനും, പെല്ഷനും മറ്റുമായി നീക്കിവെക്കുന്നുവെന്ന വിമര്‍ശനം ഓരോ തവണ ശബള വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ ഉയര്‍ന്ന് വരാറുണ്ട്. പങ്കാളിത്ത പെന്ഷന് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് മൂലം നടന്നിട്ടില്ല. നേരത്തെ ശമ്പള പരിഷക്കരണം നടപ്പാക്കിയ സമയത്ത് ക്ഷാമബത്ത സംബന്ധിച്ച വിഷയങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ ക്ഷമബത്തയും ഉയര്‍ത്തി സര്‍ക്കാര്‍ ജീവനക്കാര്ക്കൊപ്പമെന്ന് തെളിയിച്ചിരിക്കുകയാണ്. പെന്ഷന് പ്രായം കുറക്കണം, പെന്ഷന് തുക പരിമിതപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പല കോണുകളില്‍ നിന്നും ഉയരാറുണ്ടെങ്കിലും അതൊന്നും സര്‍ക്കാര്‍ പരിഗണനയില്‍ എത്താറില്ല.
അതേസമയം വരാനിരിക്കുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യാതൊരു ഭവിഷ്യത്തുകളും നോക്കാതെയുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Discussion about this post