എറണാകുളം: എംവി നികേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എ. ചന്ദ്രശേഖർ. മാദ്ധ്യമ പ്രവർത്തനം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ ആയിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. നികേഷ് തന്നോട് ചെയ്തത് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടംവരുമെന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ നികേഷ് കുമാറിനെ പ്രകീർത്തിച്ചു കൊണ്ടുള്ള വാർത്തകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് വിനായകന് ആയിരുന്നു. ഇതേക്കുറിച്ച് ചന്ദ്രശേഖർ കലാകൗമുദിയിൽ ലേഖനവും എഴുതി. അർഹതകൊണ്ട് വിനായകൻ നേടിയ പുരസ്‌കാരത്തെ സംവരണം കൊണ്ട് പുരസ്‌കാരം നേടിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ലേഖനം. എന്നാൽ ഈ ലേഖലം വിനായകനെതിരെ എഴുതി എന്ന തരത്തിൽ റിപ്പോർട്ടർ ചാനലിലും ഓൺലൈനിലും വാർത്ത നൽകുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ നികേഷ് കുമാറിനെ വിളിച്ച് ചന്ദ്രശേഖർ കാര്യം ആരാഞ്ഞു. എന്നാൽ ലേഖനം താൻ വായിച്ചില്ലെന്നും സമയം കിട്ടിയില്ലെന്നുമായിരുന്നു നികേഷിന്റെ മറുപടി. വസ്തുതാവിരുദ്ധമായ വാർത്ത നൽകിയതിൽ നികേഷിന് യാതൊരു കൂസലും ഉണ്ടായിരുന്നില്ലെന്നും ചന്ദ്രശേഖർ പറയുന്നു. പിന്നീട് ഇതുവരെയായി തന്റെ ഫോൺ നികേഷ് എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കുന്നുണ്ട്.
ചാനൽ മേധാവി എന്ന നിലയ്ക്ക് ഉള്ളടക്കം സംബന്ധിച്ച് സാധാരണ പ്രേഷകൻ പരാതി ഉന്നയിച്ചാൽ പോലും അന്വേഷിക്കേണ്ട ബാദ്ധ്യത നികേഷ് കുമാറിന് ഉണ്ട്. എന്നിട്ടും സഹജീവിയായ തന്റെ പരാതിയിൽ ഒന്ന് പ്രതികരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല എന്നും ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.











