ന്യൂഡൽഹി: ലോക്‌സഭാംഗമായി നടത്തിയ സത്യപ്രതിജ്ഞാ സമയത്ത് പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അദ്ധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സുപ്രീംകോടതി അഭിഭാഷകൻ അലഘ് അലോക് ശ്രീവാസ്തവ അടക്കം നിരവധി പേരാണ് പരാതി നൽകിയത്.
മുദ്രാവാക്യം വിളിയിലൂടെ ഒരു വിദേശ രാജ്യത്തോടുള്ള തൻറെ ആഴത്തിലുള്ള കൂറും വിധേയത്വവും ഒവൈസി അംഗീകരിച്ചതായി വ്യക്തമായെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഡി) പ്രകാരം ഒരു വ്യക്തി ഒരു വിദേശ രാജ്യത്തോട് ചേർന്നു നിൽക്കുകയോ അല്ലെങ്കിൽ വിധേയപ്പെടുകയോ ചെയ്താൽ അംഗത്വത്തിന് അയോഗ്യത കൽപിക്കപ്പെടുമെന്ന് അലോക് ശ്രീവാസ്തവ വ്യക്തമാക്കി.നടപടി സ്വീകരിച്ചില്ലെങ്കിൽ അത് നമ്മുടെ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി ഹൈദരാബാദ് എം.പിയെ അയോഗ്യനാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. മുദ്രാവാക്യത്തിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധം ഉയർന്നു. വിഷയത്തിൽ ഒവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തിയിരുന്നു.
Discussion about this post