ന്യൂയോർക്ക് : ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റൻ ഛിന്നഗ്രഹം എത്തുന്നതായി നാസയുടെ മുന്നറിയിപ്പ്. 7200 അടി വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. ഭൂമിയിലെ നിലവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ രണ്ടര മടങ്ങിലേറെ വലിപ്പമാണ് ഇതിനുള്ളത്. 2024 ജൂൺ 27ന് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമെന്ന് നാസ മുന്നറിയിപ്പ് നൽകി.
2011 UL21 എന്ന ഛിന്നഗ്രഹമാണ് നാളെ ഭൂമിയുടെ ഏറ്റവും അടുത്ത ഭാഗത്തായി എത്തുന്നത്. മണിക്കൂറിൽ 93,176 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. 2011 ഒക്ടോബർ 17ന് കാറ്റലിന സ്കൈ സർവേയും നാസയും മറ്റു ചില നിരീക്ഷണങ്ങളും ചേർന്ന് കണ്ടെത്തിയ ഛിന്നഗ്രഹമാണ് 2011 UL21. ഈ ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്ന പാതയിൽ ഭൂമി സുരക്ഷിതമാണെന്നും എന്നാൽ ഈ സഞ്ചാര പാതിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ഉണ്ടായാൽ അതൊരു ദുരന്തത്തിന് കാരണമായേക്കും എന്നുമാണ് നാസയുടെ വിലയിരുത്തൽ.
ഭൂമിയുടെ 4.6 ദശലക്ഷം മൈൽ ദൂരത്തിനുള്ളിൽ വരുന്നതും 150 മീറ്ററിൽ കൂടുതൽ വലുപ്പമുള്ളതുമായ ഛിന്നഗ്രഹങ്ങളാണ് അപകട സാധ്യതയുള്ളവയായി നാസ കണക്കാക്കുന്നത്. നിലവിൽ 2011 UL21 ഭൂമിയിൽ നിന്നും 4.13 ദശലക്ഷം മൈൽ അകലെയാണ് പറക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇതിനെ ഭൂമിയിൽ എത്താതെ നോക്കാൻ കഴിയും എന്ന് നാസ പ്രതീക്ഷിക്കുന്നു. എന്നാൽ ഇവയുടെ സഞ്ചാര പാതയിൽ ഏതെങ്കിലും രീതിയിലുള്ള വ്യതിയാനം ഉണ്ടായി ഈ കൂറ്റൻ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ 30 കിലോമീറ്ററിലേറെ വീതിയും മുക്കാൽ കിലോമീറ്ററോളം ആഴവുമുള്ള വലിയൊരു ഗർത്തം ഭൂമിയിൽ സൃഷ്ടിക്കും എന്നാണ് നാസ വിലയിരുത്തുന്നത്.
Discussion about this post