കാഠ്മണ്ഡു: ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്കും പ്രിയ സുഹൃത്തും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും ആശംസകൾ നേരുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മഹനീയമായ പൊതുമതവും പൊതു സംസ്കാരവും പാരമ്പര്യവും പങ്കു വെക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും നേപ്പാളുമെന്ന് കെ പി ശർമ ഒലി വ്യക്തമാക്കി. നേപ്പാളിന്റെ വികസന മുന്നേറ്റത്തിലെ അവിഭാജ്യ പങ്കാളിയാണ് ഇന്ത്യയെന്നും വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ ഇന്ത്യയുടെ ഉദാര മനോഭാവം അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി, റെയിൽ വികസനം, ജലഗതാഗതം, ഊർജ്ജം എന്നീ മേഖലകളിൽ ചരിത്രപരമായ പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും ഉറ്റു നോക്കുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിലും റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. നേരത്തെ റിപ്പബ്ലിക് ദിന സമ്മാനമായി ആംബുലൻസുകളും ബസ്സുകളും ഇന്ത്യ നേപ്പാളിന് കൈമാറിയിരുന്നു.
Discussion about this post