കശ്മീര്‍: കശ്മീരില്‍ ഭീകരര്‍ക്കൊപ്പം യാത്ര ചെയ്യവെ ഡിഎസ്പി അറസ്റ്റിലായ സംഭവത്തില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി സിആര്‍പിഎഫ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പരിശോധിക്കും. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരര്‍ക്കൊപ്പം ഡിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. അതിനാല്‍ എല്ലാ സുരക്ഷാ സേനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തരമായി പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സേനയെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഒരിക്കലും കുറ്റപ്പെടുത്തരുത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ജമ്മു കശ്മീര്‍ പോലീസ് മഹത്തായ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും നിലവില്‍ ശക്തമായ സേനയെ കൂടുതല്‍ ശക്തമാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
നിലവില്‍ ജമ്മു കശ്മീരില്‍ മാത്രം 70,000ത്തോളം സിആര്‍പിഎഫ് ജവാന്മാരെയാണ് വിന്യസിച്ചിട്ടുള്ളത്.
Discussion about this post