പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായിട്ട് കണക്കാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. താൻ വാദിയും പ്രതിയുമായുള്ള കേസുകൾ ഒരേസമയത്ത് വിചാരണ ചെയ്യരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നടൻ ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പൾസർ സുനിയും മറ്റുപ്രതികളും ജയിലിൽ ഗൂഢാലോചന നടത്തിയാണ് പണം ആവശ്യപ്പെട്ട് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് എന്നാണ് ദിലീപിന്റെ വാദം.എന്നാൽ, മുൻപ് തീരുമാനിച്ച കരാർ പ്രകാരമുള്ള ബാക്കി പണത്തിനുവേണ്ടിയാണ് പൾസർ സുനി ദിലീപിനെ വിളിച്ചത് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്.
ഒന്നാം പ്രതി പൾസർ സുനിയും, യഥാക്രമം രണ്ടും മൂന്നും പ്രതികളായ സനൽകുമാർ വിഷ്ണു എന്നിവരും ജയിലിൽ ഗൂഢാലോചന നടത്തിയ ശേഷം തന്നെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു
നടിയെ ആക്രമിച്ച കേസിൽ വ്യാഴാഴ്ച കൊച്ചി കോടതിയിൽ വിചാരണ തുടങ്ങാനിരിക്കേയാണ് ദിലീപിന്റെ പുതിയ ഹർജി. ആക്രമിച്ചതിനു ശേഷം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ രഹസ്യ വിചാരണ ഇന്നുമുതൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പത്ത് പ്രതികളിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.













Discussion about this post