കൊച്ചി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്ന് അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് കോളജില്‍ കെ.എസ്.യു നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ അരുന്ധതി റോയിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതത്രെ. ‘ഗാന്ധിയും സമകാലിക ഇന്ത്യയും’ വിഷയത്തില്‍ ജയശങ്കര്‍ സംസാരിക്കുന്നതിനിടെ ഗാന്ധിജിയുടെ ജാതിസങ്കല്പത്തെക്കുറിച്ച് ഷംന ഷെറിന് എന്ന വിദ്യാര്‍ഥിനി ചോദ്യമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായി എവിടെയെങ്കിലും കേട്ട കാര്യങ്ങള്‍ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, അരുന്ധതി റോയി തന്റെ ‘ആനിഹിലേഷന് ഓഫ് കാസ്റ്റ്’ എന്ന കൃതിയില്‍ ഉന്നയിച്ച വിഷയമാണിതെന്ന് ചോദ്യകര്‍ത്താവ് വിശദമാക്കിയപ്പോഴാണ് എഴുത്തുകാരിക്കെതിരെ പരാമര്‍ശമുണ്ടായത്. അരുന്ധതി റോയ് രാത്രി എട്ടുമണിയായാല്‍ വെള്ളമടിച്ച് ബോധം പോകുന്ന സ്ത്രീയാണെന്നും കടുത്ത മദ്യപാനിയാണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ഥികളില്‍ ചിലര്‍ അപ്പോള്‍ തന്നെ പ്രതിഷേധിച്ചിരുന്നു. സംഘാടകരും അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.
ജയശങ്കര്‍ തന്റെ പ്രസംഗത്തിലുടനീളം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും ആധുനിക സമൂഹത്തിനു നിരക്കാത്തതുമായി പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
Discussion about this post