ലഖ്നൗ: കുടുംബ കോടതിയിൽ വെച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശ് സ്വദേശിയായ അബ്റാർ അലിക്കെതിരെയാണ് പരാതിയുമായി ആഫ്റോസ് നിഷ എന്ന യുവതി രംഗത്തെത്തിയിരിക്കുന്നത്.
എട്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് ആഫ്റോസ് നിഷ പരാതിയിൽ പറയുന്നു. 2016 ൽ ഭർതൃവീട് വിട്ടിറങ്ങിയ ഇവർ ഗാർഹിക പീഡനത്തിന് കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ എത്തിയതായിരുന്നു ഇരുവരും. കോടതി മുറിയിൽ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ മുത്തലാഖ് ചൊല്ലിയ ഭർത്താവ് ഇനി മുതൽ നീ എന്റെ ഭാര്യയല്ലെന്ന് പറയുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
ആഫ്രോസ് നിഷയുടെ പരാതിയിൽ കേസെടുത്തതായും പ്രതിക്ക് കർശന ശിക്ഷ ഉറപ്പ് വരുത്തുമെന്നും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.







