തിരുവനന്തപുരം: സെന്‍സസ് നടപടികളില്‍ അനാവശ്യ ഭീതി പടര്‍ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപാകതയും അപകടവുമൊന്നുമില്ലെന്നും സെന്‍സസും എന്‍പിആറും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍സസിന്റെ ഒന്നാം ഘട്ടത്തില്‍ നടക്കുന്നത് വീടുകളുടെ വിവരസമാഹരണമാണ്. വ്യക്തിഗത വിവര ശേഖരണം രണ്ടാമതെന്നും അദ്ദേഹം പറഞ്ഞു .
സെന്‍സസിന്റെ കൂടെയല്ല ജനസംഖ്യാ രജിസ്റ്ററിനുള്ള പ്രവര്‍ത്തനം നടക്കുന്നത്. മറ്റൊരു ഘട്ടത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ കേരളത്തില്‍ നടത്തില്ല. ഇക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തില്‍ രാജ്യത്ത് പൊതുവേ ആശങ്കയുണ്ട്. കേരളത്തില്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും രാജ്യത്തിന്റെ പൊതുസ്ഥിതി അങ്ങനെയല്ല. സെന്‍സസുമായി ബന്ധപ്പെട്ട് യാതൊരു വിധ ആശങ്കയുടെയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Discussion about this post