ആലപ്പുഴ: അറുപത്തിമൂന്നാമതു നെഹ്റു ട്രോഫി ജലോല്‍സവം ഇന്ന് പുന്നമടക്കായലില്‍ നടക്കും. ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ക്കുശേഷം ഉച്ചയ്ക്കു രണ്ടിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ജലോല്‍സവം ഉദ്ഘാടനം ചെയ്യും. ചൈനീസ് സ്ഥാനപതി ലി യു ഷെഗ് ആണു മുഖ്യാതിഥി. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരും ജലമേള ആസ്വദിക്കാനെത്തും. മത്സരവിഭാഗത്തില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 63 കളിയോടങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
രാവിലെ 11.30ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കു. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനസമ്മേളനം. ഇതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ഫൈനലും നടക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്കുശേഷം സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡിന്റെ സംഗീത പരിപാടിയുണ്ടാകും. വൈകീട്ട് 4.30ഓടെ മത്സരങ്ങള്‍ അവസാനിക്കും.മാസ് ഡ്രില്ലിനു ശേഷം 16 ചുണ്ടന്‍വള്ളങ്ങളാണു നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിച്ചുണ്ടനു വേണ്ടി പോരാടുക. ഇതുള്‍പ്പെടെ 63 കളിവള്ളങ്ങളാണു കായല്‍പ്പരപ്പിനെ മല്സരക്കളമാക്കുക.
നേരത്തെ ടിക്കറ്റ് എടുക്കാതെ എത്തുന്നവര്‍ക്കും ഇന്നു രാവിലെ ടിക്കറ്റ് എടുക്കാനുള്ള അവസരമുണ്ട്. ആലപ്പുഴ ആര്‍ഡിഒയുടെ ഓഫിസ്, ഡിടിപിസി ഓഫിസ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്ക്വയര്‍, പുന്നമട ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവിടങ്ങള്‍ക്കു പുറമെ പുന്നമടയിലേക്കുള്ള വഴിയിലെ പ്രത്യേക കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാകും. വള്ളംകളി കാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10 നു മുന്‍പു സ്ഥലത്ത് എത്തിച്ചേരണം.
Discussion about this post