തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്രയിൽ പുതിയ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രി വിശ്രമിക്കാനാണ് വിദേശയാത്ര നടത്തിയത്. ഇത് സംബന്ധിച്ച് കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. താങ്ങാൻ പറ്റാത്ത ഭാരം ചുമന്ന ആൾ വിശ്രമിക്കാനാണ് പോയത്. ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചുവെന്ന് എകെ ബാലൻ പറഞ്ഞു.
എന്റെ നാട്ടിലെ കർഷകൻ കുഞ്ഞിക്കണാരൻ ഈ അടുത്ത കാലത്താണ് ചൈനയിൽ പോയി വന്നത്. ഇപ്പോ എത്ര കുഞ്ഞിക്കണാരൻമാർ ചൈനയിൽ പോകുന്നുണ്ടെന്നോ!. ഇപ്പോ ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്രവലിയ കാശു വേണോ?. 92,000 രൂപ പ്രതിമാസം വരുമാനമുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടുന്നാ കാശ് എന്ന് ചോദിക്കുന്നതിൽ എന്താണ് അർത്ഥമെന്ന് മന്ത്രി ചോദിച്ചു. അദ്ദേഹത്തിന്റെ ടിഎ കൂടി കൂട്ടിയാൽ ഒന്നേകാൽ ലക്ഷം രൂപയുണ്ടാകില്ലേയെന്നും ബാലൻ ചോദിച്ചു.
സുധാകരൻ നടത്തിയ യാത്രയെ കുറിച്ച് എന്നൊക്കൊണ്ട് പറയിക്കണ്ടെന്നും ബാലൻ പറഞ്ഞു. ആലയിൽ നിന്ന് ഇളക്കിയ പശുവിനെയും കുട്ടികളെയും പോലെയാണെന്നാണ് സുധാകരൻ പറഞ്ഞത്. ആ കടന്ന വാക്കിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. അദ്ദേഹം കുറെയാത്ര നടത്തിയിട്ടുണ്ട്. അതിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രതികരണമെന്നും ബാലൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങിയതിന് പിന്നാലെ സുധാകരന്റെ അംഗീകാരം വാങ്ങണോ?. പാർട്ടിയുടെ അംഗീകാരത്തിന് പുറമെ സുധാകരന്റെ അംഗീകാരം വാങ്ങണോ?. തന്റെ കൈയിൽ നിന്ന് കാശെടുത്ത് വിദേശത്തുപോകുന്നതിന് മറ്റാരുടെയെങ്കിലും അംഗീകാരം വാങ്ങണോയെന്നും ബാലൻ ചോദിച്ചു. ഇതിൻെ വിശദാംശങ്ങൾ വേണമെന്നാണ് പറയുന്നത്. അപ്പോ പിന്നെ അടുത്ത ചോദ്യം വരും. ഏത് ഹോട്ടലിലാണ് താമസിച്ചത്?, താമസിച്ചത് ഡബിൾ റൂമാണോ, സിംഗിൾ റൂമാണോ?, ഇവരൊക്കെ ഒന്നായിട്ടാണോ താമസിച്ചത്? ഇതിനൊക്കെ മറുപടി പറയാൻ ആരെയാണ് കിട്ടുക?. ഇത്ര പരിഹാസ്യമായ ചോദ്യങ്ങൾക്ക് പിന്നിൽ മാദ്ധ്യമങ്ങൾ പോകരുത്. ഇത് ഇവിടെ വച്ച് അവസാനിപ്പിക്കണമെന്ന് എകെ ബാലൻ കൂട്ടിച്ചേർത്തു.












