ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്താന്‍ ശ്രമിച്ച മാര്‍ച്ചിനു അനുമതി നിഷേധിച്ച് പോലീസ്. തുടര്‍ന്ന് പ്രക്ഷോഭകര്‍ മാര്‍ച്ച് റദ്ദാക്കി തിരികെ സമരപ്പന്തലിലേക്ക് മടങ്ങി.
ഞാറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മാര്‍ച്ച് സമരപന്തലില്‍ നിന്ന് അമ്പത് മീറ്ററോളം മാത്രമാണ് മുന്നോട്ട് പോയത്. പോലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞതോടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ‘ഷഹീന്‍ ബാഗ് ദാദീസ്’ എന്നറിയപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മാര്‍ച്ചിന് അനുമതി തേടിയുള്ള ഇവരുടെ അപേക്ഷ ഡല്‍ഹി എസിപിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും പോലീസ് സമരക്കാരെ അറിയിച്ചു.
ഇതോടെ പോലീസിന്റെ വിലക്ക് ലംഘിച്ച് മാര്‍ച്ചുമായി മുന്നോട്ട് പോകേണ്ടെന്നും സമാധാനപരമായി തന്നെ സമരവുമായി മുന്നോട്ട് പോകാമെന്നും പ്രക്ഷോഭകര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മാര്‍ച്ച് അവസാനിപ്പിച്ച് ഇവര്‍ സമരപ്പന്തലിലേക്കുതന്നെ മടങ്ങി.
Discussion about this post