യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദില്‍ ഉച്ചയോടെ എത്തുന്ന ട്രംപിന് വന്‍ സ്വീകരണം നല്‍കും. 36 മണിക്കൂര്‍ നീണ്ടു നിലക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഡല്‍ഹിയും
ഒരുങ്ങിക്കഴിഞ്ഞു. നഗരത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക, മരുമകന് ജാറദ് കഷ്നര്‍ എന്നിവര്‍ക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം അനുഗമിക്കും. നൂറോളം മാധ്യമപ്രവര്‍ത്തരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്. നാളെ വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോയും നടക്കും.
5000 പോലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ വിന്യസിക്കുന്നത്. ട്രംപിന്റെ സുരക്ഷക്കുള്ള സംവിധാനങ്ങളുമായി അമേരിക്കന്‍ എയര്‍ഫോഴ്സിന്റെ മൂന്ന് കൂറ്റന്‍ വിമാനങ്ങള്‍ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന അതിസുരക്ഷാ ലിമൂസിന്‍ ആയ ബീസ്റ്റും നഗരത്തില്‍ എത്തിക്കഴിഞ്ഞു. സമാന്തര സംവിധാനം എന്ന നിലയില്‍ ജയ്പൂര്‍ വിമാനത്താവളം അമേരിക്കന്‍ സുരക്ഷാ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.
അഹമ്മദാബാദില്‍ നിന്നും താജ്മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ മോദി അനുഗമിക്കാനിടയില്ല. ആഗ്രയിലും ട്രംപിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആഗ്രയില്‍ ട്രംപിനെ സ്വീകരിക്കുന്നത്. താജ്നഗരിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ 600 ഗ്രാം വെള്ളിയില്‍ തീര്‍ത്ത നഗരത്തിന്റെ താക്കോല്‍ മാതൃക നല്‍കിയാണ് സ്വീകരിക്കുന്നത്.
Discussion about this post