ചാവക്കാട് ഗ്രൂപ്പിസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിണറായി വിജയന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനാണ് വി.ടി ബല്‍റാം എംഎല്‍എയുടെ എണ്ണം പറഞ്ഞ മറുപടി. പിണറായിയുടെ ഓരോ ആരോപണത്തിനും അക്കമിട്ട് നല്‍കിയ ഫേസബുക്ക് മറുപടി ഇതിനകം വൈറലായി കഴിഞ്ഞു. ക്രിമിനലുകളെ കോണ്‍ഗ്രസ് മാലയിട്ട് സ്വീകരിക്കുകയോ, ജനങ്ങളില്‍ നിന്ന് പരിവെടുത്ത് ആളെകൂട്ടാറോ ഇല്ലെന്ന് ബല്‍റാം പറയുന്നു. ക്രിമനലുകളെ പോലിസ് പിടിക്കുമ്പോള്‍ അതിനെതിരെ സംസ്ഥാന ഹര്‍ത്താല്‍ നടത്തി നിയമവാഴ്ചയെ കൊണ്ടഗ്രസ് വെല്ലുവിളിച്ച സംഭവം ചൂണ്ടിക്കാട്ടാനാവുമോ എന്നും ഹൃബല്‍റാം വെല്ലുവിളിക്കുന്നു. സിപിഎമ്മിലെ വന്ദ്യവയോധികനായ നേതാവിനെ പാര്‍ട്ടി സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണം എന്ന വിധിച്ച സംഭവും, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കുലം കുത്തിയാക്കിയവരെ കൊല്ല്ാന്‍ പാര്‍ട്ടി കോടതിയ്ക്ക് തീരുമാനിക്കാം എന്നിങ്ങനെ വളരെ രൂക്ഷമായ മറുപടിയാണ് ബല്‍റാം പിണറായി വിജയന് നല്‍കുന്നത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് അടുത്തകാലത്ത് കേട്ടതില്‍ വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡല്‍ഹിയില്‍ നിന്ന് അമിത് ഷാ ജി വകയാണു. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിനു നിങ്ങള്‍ രണ്ടുപേര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍. താങ്കള്‍ നേരിട്ടാണു ഈ പോസ്റ്റ് ഫേസ്ബുക്കില്‍ എഴുതിയതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി അഥവാ മറ്റാരെങ്കിലുമാണു താങ്കള്‍ക്ക് വേണ്ടി പോസ്റ്റുകള്‍ തയ്യാറാക്കുന്നതെങ്കില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ഹിസ്റ്റോറിക്കല്‍ ഓഡിറ്റിങ്ങിന്റെ കാലമാണു എന്ന് അവരെ ഒന്ന് ഓര്‍മ്മപ്പെടുത്തിവക്കുന്നത് ഭാവിയിലെങ്കിലും താങ്കള്‍ക്ക് ഉപകരിക്കും. താങ്കളേപ്പോലൊരു വലിയ നേതാവിനെ എന്നേപ്പോലുള്ളൊരാള്‍ ഓഡിറ്റ് ചെയ്യുന്ന അപരാധമായിട്ടൊന്നും ഇതിനെ കണക്കാക്കില്ലെങ്കില്‍ പോസ്റ്റ് വായിക്കുന്ന മറ്റ് ഏതൊരാളേയും പോലെ മനസ്സില്‍ വന്ന ചെറിയ ചില സംശയങ്ങള്‍ ഇവിടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
>>>>തമ്മില്‍ കൊന്നും അതിന്റെ പേരില്‍ ക്രമസമാധാനം തകര്‍ത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോള്‍ കേരളം വീണ്ടും പുറകോട്ടു വലിക്കപ്പെടുകയാണ്. കോണ്ഗ്രസ്സ് പ്രവര്‍ത്തകന്‍ കോണ്ഗ്രസ്സുകാരാല്‍ തന്നെ കൊല്ലപ്പെടുമ്പോള്‍, ഇരുപക്ഷത്തിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആകുമ്പോള്‍ ഏതു കോടതിയാണ് ഈ വധശിക്ഷ വിധിച്ചത് എന്ന ചോദ്യം ഉയരുന്നു.<<<<
അതേതായാലും ടി.പി.യേയും ഫസലിനേയുമൊക്കെ കൊല്ലാന്‍ വിധിച്ച മട്ടിലുള്ള പാര്‍ട്ടി കോടതിയല്ല. ആളെ കൊല്ലാന്‍ കമ്മിറ്റി കൂടി തീരുമാനിക്കുന്ന പതിവ് താങ്കളുടെ പാര്‍ട്ടിയില്‍ മാത്രമേ ഉള്ളൂ. മറ്റ് ഏതൊരു പാര്‍ട്ടിയിലേയും പോലെ കോണ്‍ഗ്രസ്സിലും ചില ക്രിമിനലുകളും അവരെ സഹായിക്കുന്ന ചില നേതാക്കളുമുണ്ടാവാം. എന്നാല്‍ ജനങ്ങളില്‍ നിന്ന് പിരിവെടുത്തും മികച്ച് അഭിഭാഷകരെ ഏര്‍പ്പെടുത്തിയും ജാമ്യം കിട്ടുമ്പോള്‍ മാലയിട്ട് സ്വീകരിച്ചുമൊക്കെ ഏതെങ്കിലുമൊരു ക്രിമിനലിനെ പരസ്യമായി സഹായിക്കാന്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എപ്പോഴെങ്കിലും രംഗത്ത് വരികയോ ക്രിമിനലുകളെ പോലീസ് പിടിക്കുമ്പൊള്‍ അതിനെതിരെ സംസ്ഥാന ഹര്‍ത്താല്‍ നടത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുകയോ ചെയ്ത ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? താങ്കളുടെ പാര്‍ട്ടിയുടെ നേതൃത്ത്വത്തില്‍ സ്ഥിരമായി നടന്നുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനാവശ്യ ഹര്‍ത്താലുകളും സമരങ്ങളുമൊക്കെയല്ലേ കേരളത്തെ പൊതുവെയും താങ്കളുടെ തന്നെ ശക്തിദുര്‍ഗ്ഗമായ കണ്ണൂരിനേയും വികസനരംഗത്ത് പുറകോട്ട് വലിക്കുന്നത്.
>>>സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വധശിക്ഷ വിധിക്കുന്ന കോടതി കോണ്ഗ്രസ്സില്‍ തന്നെ ഉണ്ട് എന്നാണു ചാവക്കാട്ടെ കൊലപാതകം തെളിയിക്കുന്നത്.<<<
കോണ്‍ഗ്രസ്സ് എന്നുതന്നെയാണോ അതോ താങ്കളുടെ പാര്‍ട്ടിയിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിനെയാണോ ഉദ്ദേശിച്ചതെന്ന് സത്യത്തില്‍ ഇപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ട്. താങ്കളുടെ സാന്നിധ്യത്തില്‍ നടന്ന പാര്‍ട്ടിയുടെ ഏതോ സമ്മേളനത്തില്‍ വെച്ചാണല്ലോ ഒരു യുവവിപ്ലവകാരി വന്ദ്യ വയോധികനായ സ്ഥാപക നേതാവിനു ക്യാപ്പിറ്റല്‍ പണിഷ്മന്റ് നല്‍കണമെന്ന് വിധിച്ചത്. വധശിക്ഷക്കെതിരെ ഇപ്പോള്‍ ശക്തമായ നിലപാട് ദേശീയതലത്തില്‍ എടുത്തിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഈ ശിക്ഷ നടപ്പാക്കാതെ ആ പാവത്തെ ജീവിക്കാനനുവദിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാര്‍ട്ടിക്കാരായിരിക്കുമ്പോള്‍ വധശിക്ഷ വിധിക്കരുത് എന്ന് മാത്രമേ നിങ്ങള്‍ക്ക് നിര്‍ബന്ധമുള്ളൂ എന്ന് തോന്നുന്നു. വധശിക്ഷ വിധിക്കുന്നതിനു മുന്‍പായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കുലംകുത്തിയായി മുദ്രകുത്തിയാല്‍ പിന്നെ ഏത് തരം വധശിക്ഷയും പാര്‍ട്ടി കോടതിക്ക് തീരുമാനിക്കാം എന്നാണോ?
>>>കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് കൊലയാളികള്‍ എന്ന്, ആ പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തെ പിരിച്ചു വിട്ടതിലൂടെ കെ പി സി സി സമ്മതിച്ചിരിക്കുന്നു.<<<
ഇങ്ങനെ സമ്മതിക്കാന്‍ മടിയുള്ളതിലാണോ ടി.പി. കേസില്‍ പ്രാദേശിക തലം തൊട്ട് ജില്ലാ, സംസ്ഥാന തലം വരെ കൊലയാളികള്‍ക്കും ഗൂഢാലോചനക്കാര്‍ക്കും പ്രൊമോഷന്‍ നല്‍കാന്‍ താങ്കളുടെ പാര്‍ട്ടി തീരുമാനിച്ചത്? പാര്‍ട്ടിയിലെ ഏതെങ്കിലുമൊരാള്‍ക്കെതിരെ ഇത്തരമൊരു ആക്ഷേപം ഉയരുമ്പോള്‍ത്തന്നെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ്സിന്റെ ആര്‍ജ്ജവത്തെ മനസ്സുകൊണ്ടെങ്കിലും താങ്കള്‍ക്ക് അഭിനന്ദിക്കാതിരിക്കാന്‍ കഴിയുമോ?
>>> അതിനര്‍ത്ഥം പിരിച്ചു വിടപ്പെട്ട കമ്മിറ്റിയിലെയും, അതിനു മുകളിലുള്ള ഘടകങ്ങളിലെയും ആളുകളുടെ പങ്കാളിത്തത്തോടെയാണ് ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം എന്നാണ്.<<<
ഇത്രയും ഭാവനാസമ്പന്നനാണു താങ്കള്‍ എന്നറിഞ്ഞിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇങ്ങനെ ഏകപക്ഷീയമായി അന്തിമ വിധിപ്രസ്താവം നടത്താതെ ആ ജോലി കോടതിക്ക് വിട്ടുകൊടുത്തുകൂടെ?
>>>ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിലൂടെ അദ്ദേഹത്തിന്റെ പങ്കാളിത്തവും കോണ്ഗ്രസ്സ് സമ്മതിച്ചിരിക്കുന്നു. കെ.പി.സി.സി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി എന്നിരിക്കെ കൊണ്ഗ്രസ്സിനു അത് നിഷേധിക്കാനുമാകില്ല.<<<
കെ.പി.സി.സി. ഉപസമിതിയുടേത് അടിയന്തിരമായതും പാര്‍ട്ടിതലത്തിലുള്ളത് മാത്രവുമായ അന്വേഷണമായിരുന്നു. യഥാര്‍ത്ഥ അന്വേഷണം നടത്തി കൊലപാതകികളെ ശിക്ഷിക്കേണ്ടത് ഈ നാട്ടിലെ പോലീസും കോടതികളുമടങ്ങുന്ന നീതിന്യായ സംവിധാനമാണു. കുറ്റാരോപിതരായവര്‍ എത്ര ഉന്നതരാണെങ്കിലും ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് അവര്‍ക്കൊപ്പമില്ല എന്ന ശക്തമായ സന്ദേശമാണു ഈ നടപടി. താങ്കളുടെ പാര്‍ട്ടിയുടെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു നല്ല മാതൃക താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? അതിനുപകരം ഏതെങ്കിലും പാര്‍ട്ടിക്കാരെ പോലീസ് ചോദ്യം ചെയ്താല്‍ പാര്‍ട്ടി ഒരു തീപ്പന്തമായി കേരളം കത്തിക്കും എന്ന് സെക്രട്ടറിയായിരുന്ന കാലത്ത് താങ്കള്‍ തന്നെ വെല്ലുവിളിച്ചത് മറന്നുപോയോ?
>>> ഇത്രയും വസ്തുതകള്‍ കേസുമായി ബന്ധപ്പെട്ടു തെളിവുകള്‍ ആയി മുന്നില്‍ നില്ക്കുന്നു. സര്‍ക്കാരും പോലീസും എന്ത് ചെയ്യും എന്ന് കാണാന്‍ ആകാംഷയുണ്ട്. കുറ്റവാളികളെ രക്ഷിക്കാന്‍ ആണ് ശ്രമം എങ്കില്‍ എല്ലാം കാണുന്ന ജനങ്ങള്‍ അതിനു അനുവദിക്കും എന്ന് കരുതുന്നത് അതിരുവിട്ട വ്യാമോഹമാണ്.<<<<<
തീര്‍ച്ചയായും ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസും എന്ത് ചെയ്യുമെന്ന് കാണാന്‍ ഞങ്ങള്‍ക്കും ആകാംക്ഷയും താത്പര്യവുമുണ്ട്. കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിങ്ങളാരേക്കാളും മുന്‍പ് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെയാണു എന്ന് താങ്കള്‍ മനപൂര്‍വ്വം കാണാതിരിക്കുകയാണോ?
അവസാനമായി ഒരു സംശയം കൂടി. അക്രമരാഷ്ട്രീയത്തേക്കുറിച്ചും ഗ്രൂപ്പ് വഴക്കിനേക്കുറിച്ചും വ്യസനിക്കുന്ന താങ്കളുടെ കാര്‍മ്മികത്ത്വത്തിലാണു എസ്.എഫ്.ഐ.യുടെ ആദ്യ രക്തസാക്ഷി സഖാവ് സെയ്താലിയുടെ ഘാതകരില്‍പ്പെട്ടതും പിന്നീട് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഊരും പേരുമൊക്കെ മാറ്റി സി പി എമ്മിന്റെ നേതാവായി മാറിയതുമായ ഒരു പഴയ എ.ബി.വി.പി.ക്കാരന്‍ പാര്‍ട്ടിയിലെ മറുഗ്രൂപ്പില്‍ നിന്ന് ഒരു സമ്മേളന വേദിയില്‍ വെച്ച് രായ്ക്കുരാമാനം താങ്കളുടെ ഗ്രൂപ്പിലേക്ക് കാലുമാറിയതെന്നും അതിന്റെ പ്രത്യുപകാരമായിട്ടാണു അദ്ദേഹത്തിനു നിയമസഭാ സീറ്റ് നല്‍കി എം.എല്‍.എ. ആക്കി വിജയിപ്പിച്ചെടുത്തതെന്നും താങ്കളുടെ സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെ പലയിടത്തായി ഉന്നയിച്ചിട്ടുണ്ടല്ലോ. സ്വന്തം രക്തസാക്ഷിയോടുള്ള ഈ വര്‍ഗ്ഗ വഞ്ചനയേക്കുറിച്ച് വിശദീകരണം നല്‍കുമോ?
Discussion about this post