വെള്ളാപ്പള്ളിയ്ക്കും പാനലിനും ലഭിച്ച ഭൂരിപക്ഷവര്‍ദ്ധനവ് സിപിഎമ്മിന് വന്‍ തിരിച്ചടി
(സ്‌പെഷല്‍ സ്റ്റോറി )
ആലപ്പുഴ: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെയുള്ള വികാരം കത്തിക്കാനിറങ്ങിയ സിപിഎമ്മിന് തിരിച്ചടി. എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാനല്‍ ജയിച്ചത്. സിപിഎം വിയര്‍ത്ത് പണിയെടുത്തിട്ടും അഞ്ച് ശതമാനം വോട്ട് പോലും നേടാനായില്ല എതിര്‍പാനലിലെ പലര്‍ക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പതിനായിരത്തിനടുത്ത് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയ്ക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന പാനലിനും വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. വെള്ളാപ്പള്ളി നടേശന് 8946 വോട്ടുകള്‍ ലഭിച്ചു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ഡോ.എം. എന്‍ സോമന്‍ 8892 വോട്ടുകള്‍ നേടി. വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല.
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ വികാരമുണ്ടാക്കാനും പരമാവധി വോട്ടുകള്‍ എതിര്‍ പാനലിന് ലഭ്യമാക്കാനും പലയിടത്തും സിപിഎം രംഗത്തിറങ്ങിയിരുന്നു. എസ്എന്‍ഡിപി-ബിജെപിയുമായി അടുക്കുന്നതിനെതിരെ യോഗത്തിന് അകത്ത് വലിയ എതിര്‍പ്പുണ്ടെന്ന പ്രചാരണം എതിര്‍ പാനല്‍ നേടുന്ന വോട്ട് ചൂണ്ടിക്കാട്ടി നടത്താമെന്ന കണക്ക് കൂട്ടലും സിപിഎമ്മിനുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പാനല്‍ നേടിയ വിജയം. ഒരു തരത്തിലും യോഗത്തിനകത്ത് ഭിന്നതയുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ചെറുത്ത് നില്‍പ്പുകള്‍ വിജയം കണ്ടില്ല. മുന്‍വര്‍ഷത്തേക്കാള്‍ മികച്ച ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞുവെന്നാണ് വെള്ളാപ്പള്ളി പക്ഷം പറയുന്നത്.
എസ്എന്‍ഡിപി ഇപ്പോള്‍ തുടര്‍ന്ന് പോരുന്ന നയങ്ങള്‍ക്കുള്ള പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയമെന്നാണ് വിലയിരുത്തല്‍. ഹിന്ദു സംഘടനകളുമായി യോജിച്ച് പോകാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനത്തിന് വലിയ പിന്തുണയുണ്ടെന്നര്‍ത്ഥം. ഒരു സമര്‍ദ്ദ ശക്തിയായി നിലനിന്ന് കാര്യങ്ങള്‍ നേടിയെടുക്കുക എന്നതിലുപരി കൃത്യമായ ഒരു സ്ഥാനം കേരള രാഷ്ട്രീയത്തില്‍ നേടുക എന്നതായിരിക്കും എസ്എന്‍ഡിപിയുടെ ലക്ഷ്യം. സമദൂരമോ, ഇരു മുന്നണികളെയും പിന്തുണക്കുന്ന നയങ്ങളോ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. മുസ്ലിം, കൃസ്ത്യന്‍ മത സാമുദായിക സംഘടനകള്‍ കൃത്യമായ പൊസിഷന്‍ നിശ്ചയിച്ചാണ് സമര്‍ദ്ദ ശക്തിയായി നിലനില്‍ക്കുന്നത്. അവരേക്കാള്‍ ശക്തിയുള്ള യോഗത്തിന് അത്തരമൊരു നിലപാട് തന്നെയാകും ഗുണം ചെയ്യുകയെന്ന് ഇവര്‍ വിലയിരുത്തുന്നു.
സിപിഎമ്മില്‍ നിന്ന് ഇനിയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന തിരിച്ചറിവും എസ്എന്‍ഡിപിയ്ക്കുണ്ട്. യോഗത്തിനകത്ത് വിള്ളലുണ്ടാക്കാനുള്ള നീക്കം തുടക്കത്തിലെ പരാജയപ്പെടുത്തിയെങ്കിലും ഇനിയും അത്തരം നീക്കങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പാണ്. പ്രത്യക്ഷമായ ഒരു ഏറ്റമുട്ടലിലേക്ക് അത് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പോടെ എസ്എന്‍ഡിപി യോഗം സിപിഎമ്മില്‍ നിന്ന് പൂര്‍ണമായി അകലും എന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
Discussion about this post