പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ കോൺഗ്രസ് പോര് മുറുകുന്നു. 2019-ൽ രണ്ടാംവട്ടം കേന്ദ്ര ഭരണത്തിന് നിയോഗിക്കപ്പെട്ട ശേഷം ബിജെപി നേരിടുന്ന ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും പശ്ചിമബംഗാളിലേത്.
ദേശീയത ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ബിജെപിയുടെ പ്രചരണത്തിന് നേരെ തിരിച്ചാണ് മമതയുടെ പ്രചരണ തന്ത്രം. രേഖയില്ലാതെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നും കുടിയേറിയിരിക്കുന്ന സകല ബംഗ്ലാദേശികളും ഇന്ത്യൻ പൗരന്മാരാണ് എന്ന മമത സ്ഥിരീകരിച്ചതോടെ, പശ്ചിമബംഗാളിലെ വലിയൊരുവിഭാഗം മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. 2005-ൽ, അതിർത്തി കടന്ന് വരുന്ന ബംഗ്ലാദേശികൾ സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് പാർലമെന്റ് ലോക്സഭയിൽ വച്ച് മമതാ ബാനർജി പരസ്യമായി തുറന്നടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും ലഭ്യമാണ്. പശ്ചിമബംഗാൾ സിപിഎം ഭരിച്ചിരുന്ന അക്കാലത്ത്, ബംഗ്ലാദേശി കളുടെ കുടിയേറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ലോക്സഭയിൽ ഉയർത്താൻ വിസമ്മതിച്ചതിനെച്ചൊല്ലി ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ചരൺസിംഗിനു നേരെ പേപ്പർ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞതും ഇതേ മമതാ ബാനർജിയാണ്. ഈ വീഡിയോ ദൃശ്യങ്ങൾ ആണ് ഇപ്പോൾ ബിജെപിയുടെ പ്രചാരണായുധം.
കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന കടകം തിരിഞ്ഞ നിലപാടാണ് ഇപ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂന്നിയുള്ള നിലനിൽപ്പിനുവേണ്ടി മമത കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ, അന്ന് പിന്തുണച്ചിരുന്ന ദേശീയവാദികളെല്ലാം, ഈയൊരൊറ്റ പ്രസ്താവനയോടെ മമതയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും വിദേശ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന മമതയുടെ ഈ നയം ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയിലേക്ക് അവരെ അടുപ്പിക്കും. പശ്ചിമബംഗാളിൽ ജീവിക്കുന്ന എല്ലാ ബംഗ്ലാദേശികളും ഇന്ത്യൻ പൗരന്മാരാണെന്ന മമതയുടെ വാദത്തിന് ദേശീയതയിൽ വിശ്വസിക്കുന്ന ബംഗാളികളുടെ ശക്തമായ പിന്തുണ കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പു വരുത്തിയിട്ടുണ്ട്. ദേശീയതയും അവസരവാദവും തമ്മിലുള്ള യുദ്ധത്തിനാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാൾ സാക്ഷിയാവുക.








