ടിക്കറ്റിങ്ങ് സമ്പ്രദായത്തിൽ വൻ അഴിച്ചുപണി നടത്താൻ ഇന്ത്യൻ റെയിൽവേ.ഇടനിലക്കാരായ ഏജന്റ്മാരിലൂടെയും വെണ്ടർമാരിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമ്പ്രദായം ഉടനെ നിർത്തലാക്കും. റെയിൽവേ മന്ത്രാലയം ഇതു സംബന്ധിച്ച് പ്രാഥമിക അറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു.
വെള്ളിയാഴ്ച നടന്ന ലോക്സഭാ സമ്മേളനത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്മാർട്ട് ഫോണിൻറെയും ഇന്റർനെറ്റിന്റെയും കടന്നുകയറ്റം മൂലം ട്രെയിൻ ടിക്കറ്റുകൾ ഇപ്പോൾ മൊബൈൽ ഫോണിലൂടെ നിസ്സാരമായി ബുക്ക് ചെയ്യാൻ കഴിയും. ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ചൂഷണം അവസാനിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളമായി റെയിൽവേ ആലോചിക്കുന്നുവെന്നും ഘട്ടംഘട്ടമായി ഇതിനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പ്രധാനപ്പെട്ട ട്രെയിനുകളുടെ എല്ലാം റൂട്ട് പരിശോധിച്ച്, യാത്രാ ദൈർഘ്യം കുറയ്ക്കുന്നതിനായി അനാവശ്യ സ്റ്റോപ്പുകൾ ഒഴിവാക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.








