കൊറോണ ഭീഷണിയിൽ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ ഇതിനോടകം തന്നെ ആഗോള സാമ്പത്തിക രംഗത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന വൻ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
1918-19 കാലത്ത് ലോകജനസംഖ്യയിൽ 200 ദശലക്ഷം പേരെ ബാധിക്കുകയും 50 ദശലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്ത സ്പാനിഷ് ഫ്ലൂ ബാധയോടാണ് ചിലർ നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നത്. സ്പാനിഷ് ഫ്ലൂവിനെപ്പോലെ കൊറോണയ്ക്കും ഇതുവരെ പ്രതിരോധ മരുന്നുകളോ ചികിത്സാ രീതികളോ വികസിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മറ്റ് പകർച്ച വ്യാധികളെ പോലെ സ്വാഭാവികമായ പിന്മാറ്റം കൊറോണ വൈറസ് ബാധയുടെ കാര്യത്തിലും സംഭവിക്കും എന്ന പ്രതീക്ഷ മാത്രമാണ് നിലവിലെ ആശ്വാസം.
ഈ വർഷം പകുതിയോടെ വൈറസ് പിന്മാറുകയാണെങ്കിൽ പോലും സാമ്പത്തിക മേഖല കരകയറാൻ മാസങ്ങൾ വേണ്ടി വന്നേക്കും. ഏറ്റവും ആശ്വാസകരമായ ഒരു പിന്മാറ്റം സംഭവിച്ചാൽ പോലും സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിന് ബൃഹത് പദ്ധതികൾ ആവശ്യമായി വരുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
വൈറസ് ബാധ ഒരു വർഷത്തോളം നില നിന്നാൽ വരാനിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ദുരന്തമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരായേക്കാമെങ്കിലും മരണ നിരക്ക് ഭീഷണമായേക്കില്ലെന്ന് കോളമിസ്റ്റായ സ്വാമിനാഥൻ അയ്യർ നിരീക്ഷിക്കുന്നു. എന്നാൽ സാമ്പത്തിക മേഖല 2008ലേതിന് സമാനമായ തകർച്ചയിലേക്ക് കൂപ്പു കുത്തിയേക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഫലത്തിൽ, ജീവഹാനിയേക്കാൾ ഗുരുതരമാകുക സാമ്പത്തിക പ്രത്യാഘാതങ്ങളായിരിക്കും. ചൈന നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ലോകത്താകമാനമുള്ള വ്യാവസായിക മേഖലയെ, വിശിഷ്യ ഇലക്ട്രോണിക് വിപണിയെയും ഔഷധ വിപണിയെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒപെക് രാജ്യങ്ങളുടെ ധാരണയ്ക്കപ്പുറത്തേക്ക് എണ്ണവില കുറയുന്നത് ഉപഭോക്താക്കൾക്ക് പ്രത്യക്ഷത്തിൽ ഗുണകരമായേക്കാമെങ്കിലും പരോക്ഷമായ ആഘാതം വാഹന വിപണികളെയടക്കം ബാധിച്ചേക്കാം.
രോഗബാധിതമായ മേഖലകളിൽ നിലവിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയും അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ വിലക്കിലേക്ക് നീട്ടിയാൽ ആഗോള സാമ്പത്തിക മാന്ദ്യം ലോകരാജ്യങ്ങളെ ഞെരുക്കും.
കായിക മേഖല ലോകത്താകമാനം സ്തംഭിച്ചിരിക്കുകയാണ്. ടോക്യോ ഒളിമ്പിക്സും ഐപിഎലും ലോകകപ്പ് ഫുട്ബോളും അമേരിക്കയിലെ എൻ ബി എയും അനിശ്ചിതത്വത്തിലാണ്. സിനിമാശാലകളും ഭക്ഷണ ശാലകളും അടച്ചിട്ടിരിക്കുന്നു. പല രാജ്യങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിരിക്കുന്നു. പരസ്യ വരുമാന നഷ്ടത്തിനപ്പുറം ആളുകൾ ഭയാശങ്കകളിൽ വലയുന്നുവെങ്കിലും ജീവനാണ് പരമ പ്രധാനമെന്ന നയത്തിൽ ലോകരാജ്യങ്ങൾ ഉറച്ചു നിൽക്കുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഇത് ഉത്സവങ്ങളുടെ കാലമാണ്. ഉത്സവങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉത്സവ വിപണിയെയും കലാകാരന്മാരെയും വൻ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു. വൈഷ്ണോ ദേവി, തിരുപ്പതി, ത്രിവേണി ഉത്സവങ്ങളും അനിശ്ചിതത്വത്തിലാണ്. ഗണേശ ചതുർത്ഥിയും ദീപാവലിയും ദുർഗ്ഗാ പൂജയും വരാനിരിക്കുന്നു. ഉയർന്ന താപനിലയിൽ വൈറസ് നിലനിൽക്കില്ലെന്ന് വാദമുണ്ടെങ്കിലും അതിന് വേണ്ടത്ര ശാസ്ത്രീയ പിന്തുണയില്ല. ഉയർന്ന താപനിലാ മേഖലകളിലെ രാജ്യങ്ങളായ സിംഗപ്പൂരും ഫിലിപ്പൈൻസുമടക്കം രോഗബാധിതമായി കഴിഞ്ഞു.
വ്യോമഗതാഗത മേഖല,ടൂറിസം, വാണിജ്യരംഗം എന്നിവ തകരാൻ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഭയചകിതരായ ആളുകൾ ജോലിക്ക് പോകാതെ വീട്ടിലിരുന്ന് ടിവി കാണുന്ന സാഹചര്യം സംജാതമാകും. അത് സമ്പദ് ഘടനയുടെ നട്ടെല്ലൊടിക്കും. ക്ഷാമവും അസ്വസ്ഥതകളും ഉടലെടുത്താൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. ചുരുക്കി പറഞ്ഞാൽ രോഗം ഇല്ലാതെ ആയാലും സാമ്പത്തിക മേഖലയും വ്യാവസായിക മേഖലയും ദീർഘകാലം രോഗാതുരമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post