കോഴിക്കോട്: ജില്ലയില്‍ 19ന് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരും. ജില്ലയില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകിട്ട് നാല് വരെയെങ്കിലും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പകല്‍ 11 മുതല്‍ നാല് വരെയുള്ള സമയത്ത് നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. ശുദ്ധജലം ധാരാളം കുടിക്കണം. കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകളെടുത്ത് വേണം ജോലിയില്‍ ഏര്‍പ്പെടേണ്ടത്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുത്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടന്‍ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം. അസ്വസ്ഥത അനുഭപ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post