ലഖ്നൗ: കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ സമുദായാംഗങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ. നിസ്കരിക്കാനായി പള്ളിയിൽ പോകേണ്ടതില്ലെന്നും കഴിയുമെങ്കിൽ വീടുകളിലോ ചെറു സംഘങ്ങളായോ വെള്ളിയാഴ്ച നമസ്കാരം നടത്താവുന്നതാണെന്നും അവർ വ്യക്തമാക്കി.
വൈറസ് ബാധയുടെ ഭീഷണി അവസാനിക്കുന്നത് വരെ പ്രായമായവരും കുട്ടികളും പള്ളിയിൽ പോകുന്നത് നിർബ്ബന്ധമായും ഒഴിവാക്കണമെന്നും മാദ്ധ്യമങ്ങളിലൂടെ നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ മുസ്ലീം പണ്ഡിതർ ആഹ്വാനം ചെയ്യുന്നു. മുൻകരുതൽ നടപടി എന്ന നിലയിൽ മതപരമായ യോഗങ്ങളും പരിപാടികളും ഒഴിവാക്കാൻ നിർദ്ദേശം നൽകിയതായും ഇമാം മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു. ഇതര മത മേലദ്ധ്യക്ഷന്മാരുമായും ചർച്ചകൾ നടത്തിയതായും എല്ലാവരും തീരുമാനം സ്വാഗതം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുശിനഗരം, മഹാപരിനിർവ്വാണ ക്ഷേത്രം എന്നീ ബുദ്ധമത കേന്ദ്രങ്ങൾ അടച്ചിടാൻ പുരോഹിതന്മാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കത്തോലിക്ക സഭയും ഹൈന്ദവ പുരോഹിതന്മാരും ജൈന- സിന്ധി വിഭാഗങ്ങളും ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും സമാനമായ നടപടികൾ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സ്പാകളും മസാജ് പാർലറുകളും ബൊട്ടാണിക്കൽ ഗാർഡനും അടക്കമുള്ള ആളുകൾ കൂടാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കാൻ സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം ഒരു ജൂനിയർ ഡോക്ടർ അടക്കം 16 പേർക്ക് നിലവിൽ ഉത്തർ പ്രദേശിൽ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post