ഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചരക്ക് ഗതാഗതം സുഗമമാക്കനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ചരക്ക് നീക്കത്തിന് ബുദ്ധിമുട്ട് നേരിടുമെന്നതിനാലാണ് പാഴ്സൽ വാൻ സർവ്വീസുകൾ പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി – ഗുവാഹട്ടി, ന്യൂഡല്‍ഹി- മുംബൈ, ന്യൂ ഡല്‍ഹി – കല്യാണ്‍, ന്യൂഡല്‍ഹി- ഹൗറ, ഛണ്ഡീഗഡ്- ജയ്പൂര്‍, മോഗ-ഛംഗസാരി എന്നീ റൂട്ടുകളിലാണ് പാഴ്സൽ വാൻ സർവ്വീസുകൾ ഏർപ്പെടുത്തുക. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കാണ് പാഴ്സൽ വാൻ സർവ്വീസുകളിൽ പ്രാമുഖ്യം നൽകുക. ഇവയുടെ നീക്കം സുഗമമാക്കുന്നതിന് പാഴ്സൽ വാനുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും.
നിലവിൽ ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കായി ഐ ആർ സി ടി സി ക്യാന്റീനിൽ തയ്യാറാക്കിയ ഭക്ഷണം ഇന്ത്യൻ റെയിൽവേ എത്തിച്ചു നൽകുന്നുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ കോച്ചുകളിൽ ഇന്ത്യൻ റെയിൽവേ ഐസൊലേഷൻ വാർഡുകളും നിർമ്മിച്ചിട്ടുണ്ട്.










