ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം ആയിരം കടന്നു. രാജ്യത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 1025 ആയി ഉയർന്നു. മരണസംഖ്യ 27 ആയപ്പോൾ 96 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. രാജ്യത്ത് നിലവിൽ 901 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഞായറാഴ്ച പുതുതായി 22 കേസുകളും കേരളത്തിൽ 21 കേസുകളും സ്ഥിരീകരിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72 ആയി.
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിരണ്ടായിരം കടന്നു. 6,83,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം പിന്നിട്ടപ്പോൾ ഇറ്റലിയിൽ മരണസംഖ്യ പതിനായിരം കടന്നു.











