മുംബൈ: തെലങ്കാനയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി മഹാരാഷ്ട്രയും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ശമ്പളം വെട്ടിക്കുറക്കാനാണ് തിരുമാനം. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തിരുമാനം കൈക്കൊണ്ടതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവരുടെ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് 60 ശതമാനാണ് വെട്ടിക്കുറയ്ക്കുക. ക്ലാസ് 1, 2 ജീവനക്കാരുടെ ശമ്പളം 50 ശതമാനവും ക്ലാസ് 3 ജീവനക്കാരുടെ ശമ്പളം 25 ശതമാനവുമാണ് കുറക്കുക. മറ്റ് ക്ലാസുകളില്‍ ഉള്ള ജീവനക്കാരടുടെ ശമ്പളത്തില്‍ കുറവ് വരുത്തില്ലെന്നും അജിത് പവാര്‍ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ശക്തമായ സാമ്പത്തിക പിന്തുണ വേണം. ജനപ്രതിനിധികള്‍ സംസ്ഥാന ധനകാര്യ വകുപ്പുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അജിത് പവാര്‍ കൂട്ടിച്ചേർത്തു.
നേരത്തേ തെലങ്കാനയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75 ശതമാനം കുറക്കാനാണ് സര്‍ക്കാര്‍ തിരുമാനിച്ചത്.
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും 60 ശതമാനം വെട്ടിച്ചുരിക്കും. മറ്റ് സെന്‍ട്രല്‍ സര്‍വീസ് കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥരുടെ 50 ശതമാനം ശമ്പളവും വെട്ടിക്കുറയ്ക്കും. പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിരമിച്ചവര്‍ എന്നിവരുടെ ഗ്രാന്റ്, ശമ്പളം എന്നിവയില്‍ നിന്നും നിശ്ചിത തുക പിടിക്കാനും സര്‍ക്കാര്‍ തിരുമാനിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്കാന് ഖജനാവില്‍ പണമുണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസത്തിനായി നീക്കിവെച്ച പണം ഉപയോഗിച്ച് ശമ്പളം നല്‍കാനാവില്ല. മുന്‍പ് ഉണ്ടാകാത്ത വിധത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. നികുതി വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post