ഡല്‍ഹി: മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ജമാഅത്തിലെ മുതിര്‍ന്ന പുരോഹിതന്‍ മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിര്‍ദേശങ്ങള്‍ പാലിക്കാതെ ഒത്തുകൂടിയതിനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും സന്ദര്‍ശകരെ പ്രവേശിപ്പിച്ചതിനും മൗലാന സാദ് അടക്കം ഏഴു പേരും ഉത്തരവാദികളാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മൗലാന സാദിന് പുറമെ ജമാഅത്ത് അംഗങ്ങളായ സീഷാന്‍, മുഫ്തി ഷെഹ്‌സാദ്, എം. സെയ്ഫി, യുനുസ്, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അതേസമയം, മൗലാന സാദ് നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, ഡല്‍ഹി മര്‍ക്കസ് എന്ന യൂട്യൂബ് എന്ന ചാനലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രഭാഷണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള ചില പരാമര്‍ശങ്ങള്‍ ശബ്ദശകലമായി പ്രസിദ്ധീകരിച്ച ഈ പ്രഭാഷണത്തിലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Discussion about this post