തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സാലറി ചലഞ്ച് അടക്കം പ്രഖ്യാപിച്ചിരിക്കേ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നല്കിയ സംഭവത്തിൽ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും കെഎസ് ശബരീനാഥനും രംഗത്ത്. ഇരുവരും ഫേസ്ബുക്കിലാണ് വിമർശനവുമായി രംഗത്തെത്തിയത്.
കൊറോണ പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിനിടെയാണ് പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നല്‍കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഡല്‍ഹിയിലെ പൊതുമേഖല സ്ഥാപനമായ പവന് ഹന്സിന് തുക കൈമാറിയത്.
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
‘ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റര്‍ മുതലാളി പോലും പട്ടിണി കിടക്കരുത്. എന്തൊരു കരുതലാണ് ഈ മന്സന്’ –
ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഗവണ്മെന്റ് തന്നെ മലയാളികളെ ഏപ്രില്‍ ഫൂളാക്കി- ഒന്നല്ല,രണ്ടുതവണ!
1) സാമ്പത്തികസ്ഥിതി അതിരൂക്ഷമായ സമയത്ത് നാല് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചപ്പോള്‍ വലിയ വിവാദമായിരുന്നു. അതുകൊണ്ടു മാറ്റിവച്ച ഈ പദ്ധതി ഇപ്പോള്‍ ആരും അറിയാതെ കൊറോണ ഭീതിക്കിടയില്‍ 1 കോടി 70 ലക്ഷം രൂപ പവന് ഹാന്‍സ് കമ്പനിക്ക് നല്കാന് ഉത്തരവായി.
2) ഏറ്റവും കൂടുതല്‍ അഴിമതി ആരോപണം നടന്ന കേരള പോലീസിന്റെ കെല്‍ട്രോണ്‍ വഴിയുള്ള സ്പീഡ് ക്യാമറ പദ്ധതി വിവാദമായിരുന്നു. കെല്‍ട്രോണ്‍ സഹായത്തോടെ പ്രവര്‍ത്തി പരിചയമില്ലാത്ത കമ്ബനിക്ക് ഈ പദ്ധതി വഴി 90% വരുമാനം നല്‍കുമെന്നായപ്പോള്‍ അത് വിവാദമായി, സര്‍ക്കാര്‍ പദ്ധതി മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ ആരുമറിയാതെ 6 കോടി 97 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ഈ രണ്ടു പദ്ധതിക്ക് മാറ്റിവെച്ച 8.67 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വക മാറ്റണം. ഈ അഴിമതി ചാലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പാവപ്പെട്ട നാട്ടുകാര്‍ സാലറി ചലഞ്ച് ഏറ്റെടുക്കും.
Discussion about this post