മദ്യം വിതരണം ചെയ്യാനുള്ള സംസ്ഥാന ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള സർക്കാർ. തീവ്രമായ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ്, ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.ഇതിനോട് പ്രതികരിക്കവേ, മന്ത്രി ടി.പി രാമകൃഷ്ണനാണ് ഈ പ്രസ്താവന നടത്തിയത്.
കോടതി വിധി സർക്കാരിന് ഒരു തിരിച്ചടിയല്ലെന്നും, സംസ്ഥാനത്ത് സംഭവിച്ച ഒരു സാമൂഹിക പ്രശ്നം നേരിടാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോടതിവിധി അംഗീകരിക്കുന്നുവെന്നും ഇനിയെന്തു നടപടി വേണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ടി എൻ പ്രതാപൻ, കെ.ജി.എം.ഒ.എ, ഐ.എം.എ എന്നിവർ ചേർന്ന് സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.










