ഡല്‍ഹി: ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14-നകം രാജ്യത്ത് കൊറോണ വൈറസ് ശൃംഖല തകര്‍ക്കണമെന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) ജനറല്‍ ബിപിന്‍ റാവത്ത്. അല്ലെങ്കിന്റെ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സൈനിക പ്രമാണമനുസരിച്ച് തയ്യാറാകുക അല്ലെങ്കില്‍ നശിക്കുക എന്നാണ്. എന്നാല്‍ കൊറോണയുടെ ഈ സമയത്ത് ഞങ്ങള്‍ അതിനെ തയ്യാറാകുക അല്ലെങ്കില്‍ സഹിക്കുക എന്നാക്കി പരിഷ്കരിച്ചിട്ടുണ്ട്.
ലോക്ഡൗണും സാമൂഹിക അകലവും അവസാനിക്കുന്ന ഏപ്രില്‍ 14-നകം വൈറസിന്റെ വ്യാപനം 100 ശതമാനവും പിടിച്ചുകെട്ടണം. വിളവെടുപ്പ് സീസണായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. സര്‍ക്കാരും ജനങ്ങളും ആവശ്യപ്പെടുന്നതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജമാണ്’ അദ്ദേഹം പറഞ്ഞു.
രോഗബാധിതരെ പരിചരിക്കുന്നതിനായി പതിനെട്ടോളം ആശുപത്രികള്‍ കരസേനയും വ്യോമസേനയും നാവികസേനയും വിട്ടുനല്‍കിയിട്ടുണ്ട്. പതിയ്യായിരത്തോളം പേര്‍ക്ക് ഇവിടങ്ങളില്‍ ചികിത്സ നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വൈറസ് കാര്യമായി പടര്‍ന്നിട്ടില്ലെങ്കിലും നാഗലാന്‍ഡിലെ ദിമാര്പുര്, സഖാമ തുടങ്ങിയ സ്ഥലങ്ങളില്‍ പോലും സൈനിക ആശുപത്രികള്‍ തയ്യാറാണ്. കൊറോണബാധിതരെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഓരോ സോണിലും നിലവില്‍ രണ്ടോ മൂന്നോ ആശുപത്രികളുണ്ട്’ അദ്ദേഹം വ്യക്തമാക്കി.
സൈനിക സ്കൂളുകള്‍ അടച്ചിട്ടതിനാല്‍ ഇവയും ക്വാറന്റൈന് സെന്ററുകളാക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനകം 370 വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ഡി.ആര്.ഡി.ഒയ്ക്ക് നല്‍കിയിട്ടുണ്ടെന്നും മാസ്കുകളും മറ്റു വ്യക്തിക സംരക്ഷണ ഉപകരണങ്ങളും സ്യൂട്ടുകളും നിര്‍മിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഡിഎസ് കൂട്ടിച്ചേര്‍ത്തു.
സൈനികര്‍ക്കും പൊതുജനത്തിനും യാതൊരു തരത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും കുറവുണ്ടാകാതിരിക്കാന്‍ സായുധ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍മാര്‍, ആര്‍മി കമാന്‍ഡര്‍മാര്‍, കോര്‍പ്സ് കമാന്‍ഡര്‍മാര്‍, ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് മുന്‍കൂര്‍ പേയ്മെന്റുകള്‍ നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അയല്‍രാജ്യങ്ങളെ സഹായിക്കാന്‍ രണ്ട് നാവിക മെഡിക്കല്‍ കപ്പലുകള്‍ തയ്യാറാണ്. വ്യോമസേന രാജ്യത്തിനകത്തും പുറത്തും സഹായമെത്തിക്കാന്‍ തയ്യാറാണ്. അടുത്തിടെ മാലിദ്വീപിലേക്ക് 14 അംഗ വ്യോമസേന സംഘത്തെ സാമഗ്രികളുമായി അയച്ചു’ ബിപിന്‍ റാവത്ത് പറഞ്ഞു.
Discussion about this post