ഡൽഹി: കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്രതീക്ഷിതമായി രാജ്യത്തിന് നേരിടേണ്ടി വന്ന അടിയന്തര സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനാണ് അദ്ദേഹം നേതാക്കളെ ബന്ധപ്പെട്ടത് എന്നാണ് സൂചന.
ഇവരെക്കൂടാതെ സമാജ് വാദി പാർട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ, ശിരോമണി അകലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവരുമായും പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി.
അതേസമയം കൊവിഡ് ബാധ പടരുന്ന പശ്ചാത്തലത്തിൽ പോരാട്ട വീര്യം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയും ഐക്യബോധം വളർത്തുന്നതിന് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യം ഇന്ന് ഐക്യദീപം തെളിക്കും. രാത്രി 9.00 മണി മുതൽ 9 മിനിട്ടാണ് വൈദ്യുതി വിളക്കുകൾ കെടുത്തി ഐക്യദീപം കൊളുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.








