ഡൽഹി: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ജെയിര്‍ ബോൽസാനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാമായണത്തിലെ കഥാ സന്ദർഭം അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ഇപ്രകരാമാണ് ബോൽസൊനാരോയുടെ കത്തിലെ വാചകങ്ങൾ: “ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ വിശുദ്ധ മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കും”.
അതേസമയം മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിൻ എന്ന മരുന്നിന് ഇന്ത്യയെ ആശ്രയിക്കുന്ന ലോകരാജ്യങ്ങളുടെ എണ്ണം ഏറി വരികയാണ്. മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
അമേരിക്കയ്ക്കും ബ്രസീലിനും പുറമെ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളും ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ശേഷിയിൽ വിശ്വാസമർപ്പിച്ച് നമ്മെ ആശ്രയിക്കുന്ന എല്ലാ ലോകരാജ്യങ്ങളെയും സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും കൊവിഡ് മഹാമാരി വ്യാപകമാകുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പരസ്പരം സഹകരിച്ച് മുന്നോട്ട് നീങ്ങുക എന്നതാണ് ഇന്ത്യയുടെ നയമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്ത വ്യക്തമാക്കിയിരുന്നു.








