ലണ്ടൻ: കൊറോണ വൈറസ് ബാധ ഭീഷണിയായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 2021ല്‍ നടക്കാനിരുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മാറ്റി വെച്ചു. 2022ലേക്കാണ് ചാമ്പ്യൻഷിപ്പ് മാറ്റിയിരിക്കുന്നത്.
പുതുക്കിയ തീയതികൾക്ക് ലോക അത്‌ലറ്റിക്‌സ് കൗണ്‍സില്‍ അംഗീകരം നൽകി. 2022 ജൂലൈ 15 മുതല്‍ 24 വരെയായിരിക്കും ചാമ്പ്യന്‍ഷിപ്പ് നടക്കുക. നേരത്തെ കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വര്‍ഷം നടക്കാനിരുന്ന ടോക്കിയോ ഒളിംപിക്സും 2021ലേക്ക് മാറ്റിയിരുന്നു.
2021 ഓഗസ്റ്റ് 6 മുതല്‍ 15 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിമ്പിക്സ് അടുത്ത വർഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതോടെയാണ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മാറ്റി വെക്കേണ്ടി വന്നത്.
അതേസമയം കൊവിഡ് രോഗവ്യാപനം കായിക മേഖലയെ ആകമാനം ബാധിച്ചിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോൾ, ട്വെന്റി20 ക്രിക്കറ്റ് ലോകകപ്പ്, ഐപിഎൽ, പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ എന്നിവയുടെയെല്ലാം നടത്തിപ്പ് നിലവിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.












