ഡൽഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 6761 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 896 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും 37 മരണങ്ങൾ സംഭവിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ സംഖ്യ 206 ആയതായും 516 പേർക്ക് രോഗം ഭേദമായതായും സർക്കാർ വ്യക്തമാക്കി.
രാജ്യത്ത് ഇതേവരെ സാമൂഹിക വ്യാപനം നടന്നതായി ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നും എന്നാൽ ജനങ്ങൾ കടുത്ത ജാഗ്രത തുടരണമെന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്ത് നടന്ന പരിശോധനകളിൽ 0.2 ശതമാനം പേർക്ക് മാത്രമേ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളൂവെന്നും ഇത് ആശാവഹമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്ത് നിലവിൽ 3.28 കോടി ഹൈഡ്രോക്സീ ക്ലോറോക്വിൻ ഗുളികകൾ സ്റ്റോക്കുണ്ടെന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അതിവേഗം ലഭ്യമാക്കി വരികയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ലവ് അഗർവാൾ അറിയിച്ചു.
അതേസമയം കൊവിഡ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ ഒഡിഷയ്ക്ക് പുറമെ പഞ്ചാബും ലോക്ക് ഡൗൺ നീട്ടി. ഏപ്രിൽ 30 വരെയാണ് പഞ്ചാബ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഏപ്രിൽ 14ന് രാജ്യവ്യാപക ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയോ മറ്റെന്നാളോ രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നാണ് സൂചന.











