ഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന അനധികൃത റോഹിംഗ്യൻ മുസ്‌ലിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തങ്ങളുടെ പ്രദേശത്ത് താമസിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിർദ്ദേശം.
റോഹിംഗ്യൻ മുസ്‌ലിം കുടിയേറ്റക്കാരിൽ കൊറോണ രോഗ പരിശോധന വ്യാപകമാക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്ത് തബ്ലീഗി ജമാഅത്തിന്റെ മത സമ്മേളനത്തിൽ റോഹിംഗ്യകളും പങ്കെടുത്തതിരുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അധികൃതർ വെള്ളിയാഴ്ചയാണ് ഈ വിവരം നൽകിയത്.
തബ്ലീഗി ജമാഅത്തിന്റെ വിവിധ പരിപാടികളിൽ നിരവധി റോഹിംഗ്യൻ മുസ്‌ലിംകൾ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിമാർക്കും ഡിജിപിക്കും അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ, അവരിൽ കൊറോണ രോഗബാധ പടരാൻ സാധ്യതയുണ്ട്. ഹൈദരാബാദിലെ ക്യാമ്പുകളിൽ താമസിക്കുന്ന റോഹിംഗ്യകൾ ഹരിയാനയിലെ മേവാട്ടിൽ നടന്ന തബ്ലീഗി പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും അവിടെ നിന്ന് നിസാമുദ്ദീനിലേക്ക് പോയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശ്രം വിഹാറിലും ഡൽഹിയിലെ ഷഹീൻ ബാഗിലും താമസിച്ചിരുന്ന റോഹിംഗ്യകളും അവരവരുടെ ക്യാമ്പുകളിലേക്ക് ഇതേവരെ മടങ്ങിയെത്തിയിട്ടില്ല. തബ്ലീഗി പ്രവർത്തനത്തിന് പോയ റോഹിംഗ്യകൾ പഞ്ചാബിലെ ദെരാബസ്സിയിലും ജമ്മു കശ്മീരിലെ ജമ്മു മേഖലയിലും തിരിച്ചെത്തിയതായുള്ള റിപ്പോർട്ടുകളും വന്നിട്ടുമുണ്ട്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം റോഹിംഗ്യൻ മുസ്‌ലിംകളെയും അവരുമായി ബന്ധമുള്ളവരെയും പറ്റി അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ഡൽഹി, ജമ്മു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം നിസാമുദ്ദീനിൽ നിന്ന് ജമ്മുവിലേക്ക് മടങ്ങിയ എട്ട് റോഹിംഗ്യകളെ ക്വാറന്റൈനിലാക്കിയിരുന്നു.
Discussion about this post