തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴുപേർക്കും കോഴിക്കോട് രണ്ട് പേർക്കും, മലപ്പുറം, കോട്ടയം ജില്ലകളിൽ ഓരോ കേസും ആണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേർ വിദേശത്ത് നിന്നും വന്നവരാണ്. മൂന്നുപേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകക്കാണ്.
ഇന്ന് ഒരാൾ മാത്രമാണ് രോഗമുക്തി നേടിയത്. പാലക്കാട് സ്വദേശി ആണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 308 ആയി വര്‍ധിച്ചു.
നിലവില്‍ 127 പേര് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 29150 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 28804 പേര് വീടുകളിലും 346 പേര് ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19998 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post