ന്യൂഡൽഹി:രാജ്യത്ത് കോവിഡ് -19 നില നിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ സേനയുടെ പുതിയ ആയുധങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ തല്കാലം നിർത്തിവെക്കാൻ ഉന്നതതല നിർദേശം. സൈനിക കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഈ കാര്യം സൂചിപ്പിച്ചു കൊണ്ട് പ്രതിരോധസേന കത്തെഴുതിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സായുധ സേനകളെല്ലാം അവരരവരുടെ യുദ്ധോപകരണങ്ങൾ നവീകരിക്കുന്നതിന്റെ പല ഘട്ടങ്ങളിലാണ് ഇപ്പോഴുള്ളത്.ഫ്രാൻസിൽ നിന്നും ഇന്ത്യൻ വ്യോമസേന 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഈ നിർദ്ദേശം.അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും ടാങ്കുകളും, പീരങ്കികളും, തോക്കുകളും വാങ്ങുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നടപടികളും ഇപ്പോൾ പാതിവഴിയിലായിരിക്കുകയാണ്. പ്രതിരോധ വകുപ്പ് ഉൾപ്പെടെ എല്ലാ മന്ത്രിസഭകളും അവരവരുടെ നീക്കിയിരുപ്പ് തുകയിൽ നിന്നും സംഭാവന നൽകിയാലെ കൊറോണയെ കൂടുതൽ ശക്തമായും കാര്യക്ഷമമായും നേരിടാൻ കഴിയുകയുള്ളൂ എന്ന് കേന്ദ്രം വ്യക്തമാക്കി.








