ഡല്‍ഹി: പ്രസവത്തിനായി ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഷ്ടത്തിലായ യുവതിയെ ആശുപത്രിയിലെത്താന്‍ സഹായിച്ച് പൊലീസ് കോൺസ്റ്റബിൾ. ആംബുലന്‍സ് ലഭിക്കാതെ ബുദ്ധിമുട്ടിയ കുടുംബത്തെ സ്വന്തം കാറിലാണ് പൊലീസ് കോണ്‍സ്റ്റബിളായ ദയവീര്‍ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ജനിച്ച കുഞ്ഞിന് പൊലീസുദ്യോഗസ്ഥന്റെ പേര് നല്‍കി ദമ്പതിമാരുടെ ആദരം. ജനിച്ചത് ആണ്‍കുട്ടിയായതിനെ തുടര്‍ന്ന് ദയവീറിന്റെ പേര് തന്നെ കുഞ്ഞിന് നല്‍കാന്‍ അനുപയെന്ന യുവതിയും ഭര്‍ത്താവ് വിക്രവും തീരുമാനിക്കുകയായിരുന്നു.
അനുപയ്ക്ക് പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയിലെത്താന്‍ വാഹനം അന്വേഷിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വസിര്‍പുര്‍ നിവാസിയായ വിക്രം അശോക് വിഹാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് സഹായത്തിനായി വിളിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ദയവീര്‍ സ്വന്തം കാറുമായെത്താന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദയവീര്‍ വിക്രമിനേയും അനുപയേയും ഹിന്ദുറാവു ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങി. പിന്നാലെ ഏഴരയോടെ ആണ്‍കുഞ്ഞ് പിറന്നതായും കുഞ്ഞിന് തന്റെ പേര് നല്‍കിയതായി അവര്‍ അറിയിച്ചതായും ദയവീര്‍ പറഞ്ഞു.
പത്ത് വര്‍ഷത്തിലധികമായി ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിക്കുന്നയാളാണ് ദയവീര്‍. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാണ് ഡല്‍ഹി പോലീസെന്നും ജനങ്ങള്‍ക്ക് സഹായമാവശ്യമുള്ളപ്പോള്‍ അത് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ദയവീറിനെ അഭിനന്ദിക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് വിജയാനന്ദ ആര്യ പറഞ്ഞു. അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
Discussion about this post