ഡൽഹി: കൊവിഡ് പരിശോധനാ കിറ്റുകളുടെ നിർമ്മാണത്തിൽ മെയ് അവസാന വാരത്തോടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. ഇതോടെ പ്രതിദിനം ഒരു ലക്ഷത്തോളം പരിശോധനകൾ നടത്താൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി ബയോടെക്നോളജി വിഭാഗം സ്വീകരിക്കുന്ന വിവിധ നടപടികൾ വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം വിലയിരുത്തി.
കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് ചികിത്സാ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നതിന്റെയും പ്രതിരോധ മരുന്നു നിർമ്മാണത്തിന്റെയും പരീക്ഷണങ്ങൾ ധൃതഗതിയിൽ രാജ്യത്ത് പുരോഗമിക്കുകയാണെന്ന് ശാസ്ത്രജ്ഞർ അദ്ദേഹത്തെ അറിയിച്ചു. പുതിയ മരുന്നു സംയുക്തങ്ങളുടെയും വാക്സിനുകളുടെയും പരിശോധനാ കിറ്റുകളുടെയും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരെ കേന്ദ്ര ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
ബയോടെക്നോളജി വിഭാഗം നിർമ്മിച്ച നൂതനവും ഫലപ്രദവുമായ ഹാൻഡ് സാനിറ്റൈസർ ഡോക്ടർ ഹർഷവർധൻ പുറത്തിറക്കി. കൊവിഡ് രോഗത്തിന്റെ ചികിത്സയ്ക്ക് വൈറ്റമിൻ സിയുടെയും സിങ്കിന്റെയും സംയുക്തങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ ബയോടെക്നോളജി വിഭാഗത്തിന് വിജയം വരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.








